ട്രെയിൻ തട്ടി ബൈക്ക് തവിടുപൊടി, യാത്രക്കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടു -VIDEO
text_fieldsഇറ്റാവ: പാളം മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു ബൈക്ക് യാത്രികൻ... അതിനിടെ ട്രെയിൻ കുതിച്ചുവരുന്നത് കണ്ട് പാളത്തിൽനിന്ന് പുറത്ത് കടക്കാൻ ബൈക്ക് തിരിച്ചു. എന്നാൽ, ലെവൽ ക്രോസിങ്ങിലെ കുഴിയിൽ ടയർ കുടുങ്ങി. ബൈക്ക് നീക്കാൻ അയാൾ കഴിവതും ശ്രമിച്ചെങ്കിലും സെക്കൻഡുകൾക്കകം ട്രെയിൻ തൊട്ടടുത്തെത്തി... പിന്നെ രണ്ടാമതൊന്ന് ആലോചിക്കാൻ നേരമുണ്ടായിരുന്നില്ല. ബൈക്ക് പാളത്തിലുപേക്ഷിച്ച് ജീവനും കൊണ്ട് ഓടി. കണ്ണ് ചിമ്മിത്തുറക്കുന്ന സമയംകൊണ്ട് ചീറിപ്പാഞ്ഞ് വന്ന ട്രെയിൻ തട്ടി ബൈക്ക് തവിടുപൊടിയായി.
ഉത്തർപ്രദേശിലെ ഇറ്റാവയിലെ റെയിൽവേ ക്രോസിങ്ങിലാണ് സംഭവം. കഴിഞ്ഞ ദിവസം നഗരത്തിലെ രാംനഗർ പ്രദേശത്ത് നടന്ന അദ്ഭുതകരമായ രക്ഷപ്പെടൽ സി.സി.ടി.വി കാമറയിൽ പതിയുകയായിരുന്നു. ക്രോസിങ്ങിലെ കുഴിയിൽ ടയർ കുടുങ്ങിയതോടെ ബൈക്കിൽ നിന്ന് ഇറങ്ങിയ യാത്രക്കാരൻ കൈ കൊണ്ട് വലിച്ച് നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനിടെ ഝാർഖണ്ഡ് സ്വർണ ജയന്തി എക്‌സ്പ്രസ് അതിവേഗത്തിൽ ഈ ട്രാക്കിലൂടെ വരുന്നത് കണ്ട് അയാൾ ബൈക്ക് ഉപേക്ഷിച്ച് പാളത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സമീപത്തെ ട്രാക്കുകളിലൂടെ മറ്റൊരു ട്രെയിൻ കടന്നുപോകുന്നതിനാൽ നിരവധി കാൽനടയാത്രക്കാരും ബൈക്ക് യാത്രക്കാരും ക്രോസിങ്ങിൽ കാത്തുനിന്നിരുന്നു. അതിനിടെ ട്രാക്കിലൂടെ ട്രെയിൻ വരുന്നത് കണ്ടപ്പോൾ ബാക്കി എല്ലാവരും പിന്നിലേക്ക് മാറിനിന്നു. ഇയാളുടെ ബൈക്ക് മാത്രം കുടുങ്ങുകയായിരുന്നു. തകർന്ന ബൈക്കിന്റെ അവശിഷ്ടങ്ങൾ പാളത്തിലങ്ങോളമിങ്ങോളം പരന്നുകിടന്നു. അതിനിടെ, ലെവൽ ക്രോസ് അടച്ച സമയത്ത് ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചതിന് ബൈക്ക് യാത്രികനെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.