'കശ്മീർ ഫയൽസി'ന്‍റെ സ്വാധീനമെന്ന്; ഡൽഹിയിൽ കശ്മീർ സ്വദേശിക്ക് ഹോട്ടൽ മുറി നിഷേധിച്ചതായി റിപ്പോർട്ട്, വിഡിയോ
text_fieldsന്യൂഡൽഹി: വിവേക് അഗ്നിഹോത്രിയുടെ 'കശ്മീർ ഫയൽസ്' സിനിമ രാജ്യത്ത് വലിയ ചർച്ചകൾക്കാണ് തുടക്കമിടുന്നത്. 1990കളിൽ കാശ്മീർ താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനം ചിത്രീകരിക്കുന്ന ഈ ബോളിവുഡ് സിനിമക്ക് ബി.ജെ.പിയടക്കമുള്ള ഹിന്ദുത്വ ഗ്രൂപ്പുകൾ പിന്തുണ നൽകുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. തിയേറ്ററിൽ സിനിമക്ക് ശേഷം മുസ്ലിം വിരുദ്ധ പരാമർശങ്ങളും മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന കാണികളുടെ വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ നമ്മൾ കണ്ടതാണ്. സിനിമക്ക് വേണ്ടി ഹിന്ദുത്വ ശക്തികൾ പ്രചാരണം നടത്തുന്നതായും പലരും ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോഴിതാ, 'കശ്മീർ ഫയൽസ്' സിനിമയുടെ സ്വാധീനത്താൽ ഡൽഹിയിൽ കശ്മീരി യുവാവിന് ഹോട്ടൽ മുറി നിഷേധിച്ചെന്ന വാർത്തയാണ് പുറത്തുവരുന്നത്. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും കശ്മീരി സ്വദേശിയെ ചെക്ക്-ഇൻ ചെയ്യാൻ അനുവദിക്കാത്ത ഹോട്ടൽ റിസപ്ഷനിലുള്ള യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഓയോ വഴി താന്‍ ഹോട്ടലിൽ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്ന് യുവാവ് പറയുന്നുണ്ടെങ്കിലും അത് ഗൗനിക്കാതെ റിസപ്ഷനിസ്റ്റ് സീനിയർ ഓഫിസറെ വിളിക്കുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഓഫിസറുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം ഡൽഹി പൊലീസിന്‍റെ നിർദ്ദേശപ്രകാരമാണ് മുറി അനുവദിക്കാത്തതെന്ന് അവർ മറുപടി പറയുന്നുണ്ട്.
വിഡിയോയിൽ ഉടനീളം യുവാവ് തന്‍റെ ഐ.ഡി കാർഡുകൾ കാണിക്കുകയും ഹോട്ടൽ മുറി അനുവദിക്കാത്തതിന്‍റെ കാരണമന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ജമ്മു കശ്മീർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ദേശീയ വക്താവ് നസീർ ഖുഹാമി 'കശ്മീർ ഫയൽസിന്‍റെ സ്വാധീനം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ ഹോട്ടൽ മാനേജ്മെന്‍റിന്‍റെ ആരോപണം നിഷേധിച്ച് ഡൽഹി പൊലീസ് രംഗത്തെത്തി. ജമ്മു കശ്മീരിൽ നിന്നുള്ളവർക്ക് ഹോട്ടലുകളിൽ റിസർവേഷൻ നൽകരുതെന്ന നിർദ്ദേശം ആർക്കും നൽകിയിട്ടില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഡൽഹി പൊലീസ് പറഞ്ഞു. ഈ വിഡിയോയിലൂടെ ഡൽഹി പൊലീസിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും പൊലീസ് പറയുന്നു.
വിഡിയോ വൈറലായതിന് പിന്നാലെ സംഭവം നടന്ന ഹോട്ടലിനെ 'ഓയോ റൂംസ്' അവരുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.