ജലതർക്കം: തമിഴ്നാടുമായി പോരിന് കേരളം
text_fieldsപാലക്കാട്: അന്തർസംസ്ഥാന നദീജലകരാർ തമിഴ്നാട് നിരന്തരം ലംഘിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നിലപാടുമായി കേരളം. തമിഴ്നാട് കടുംപിടിത്തം തുടർന്നാൽ ജനുവരി രണ്ട് മുതൽ പറമ്പിക്കുളം ഡാം ഷട്ടറുകൾ അടച്ചിടാനാണ് കേരളത്തിെൻറ തീരുമാനം. ആളിയാർ കരാർ ലംഘിച്ച് തിരുമൂർത്തി ഡാമിലേക്ക് തമിഴ്നാട് അനധികൃതമായി വെള്ളം കൊണ്ടുപോകുന്നത് തടയാനാണ് പറമ്പിക്കുളം ഡാം അടക്കുന്നത്.
തമിഴ്നാട് കരാർ ലംഘിച്ചാൽ പറമ്പിക്കുളം ഡാം അടക്കാൻ കേരളത്തിന് കരാറിൽ അധികാരം നൽകുന്നത് ചൂണ്ടിക്കാട്ടിയാണ് കേരളത്തിെൻറ നടപടി. കേരളത്തിെൻറ നീക്കം ആളിയാർ, മുല്ലപ്പെരിയാർ, നെയ്യാർ, ശിരുവാണി കരാറുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും വർഷങ്ങളായി തുടരുന്ന തർക്കം മൂർധന്യാവസ്ഥയിൽ എത്തിക്കുമെന്നാണ് സൂചന.
സംയുക്ത ജലനിയന്ത്രണ ബോർഡിൽ കേരളത്തിെൻറ ആവശ്യങ്ങൾ അംഗീകരിക്കാതെ പറമ്പിക്കുളം ഡാമിൽനിന്ന് ആളിയാറിലേക്ക് വെള്ളം വിട്ടുകൊടുക്കാൻ തമിഴ്നാട് തയാറാകാത്തതാണ് പ്രശ്നങ്ങൾ ഗുരുതരമാക്കിയത്.
വെള്ളം വിട്ടുകൊടുക്കാതിരിക്കുക മാത്രമല്ല, കോണ്ടൂർ കനാൽവഴി തിരുമൂർത്തി ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നത് പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ നിർത്തണമെന്ന കേരളത്തിെൻറ ആവശ്യവും തമിഴ്നാട് തള്ളി. കേരളം പറമ്പിക്കുളം ഡാമിെൻറ ഷട്ടറടച്ചാൽ ആളിയാർ ഡാം ഷട്ടറുകൾ അടക്കുമെന്നാണ് തമിഴ്നാടിെൻറ ഭീഷണി. അങ്ങനെയെങ്കിൽ കോയമ്പത്തൂരിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ശിരുവാണി ഡാം അടക്കുമെന്ന നിലപാട് കേരളം സ്വീകരിക്കും. ഇത് പ്രതിസന്ധി രൂക്ഷമാക്കും. ഇരു സംസ്ഥാനങ്ങളും തമ്മിലെ കരാർ പ്രകാരം 240 ടി.എം.സി വെള്ളമാണ് കേരളം തമിഴ്നാടിന് വിട്ടുകൊടുക്കുന്നത്. എന്നാൽ, കരാർ പ്രകാരം 20 ടി.എം.സി വെള്ളം മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്.
സംയുക്ത ജലനിയന്ത്രണ ബോർഡിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ ഡിസംബർ ആറിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. അതിനുശേഷം ആദ്യമായി ചേർന്ന യോഗത്തിലാണ് കേരളം തമിഴ്നാടിനോട് ആവശ്യങ്ങൾ വ്യക്തമാക്കിയത്. കരാർ നടപ്പാക്കിയതിന് ശേഷം ആദ്യമായാണ് കേരളം കടുത്ത നിലപാടുകൾ സ്വീകരിക്കാൻ നിർബന്ധിതമാകുന്നത്.
തമിഴ്നാടുമായുള്ള നദീജല തർക്കം രമ്യമായി പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട്. അധികാരമേറ്റതിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി പളനിസാമിയുമായുള്ള കൂടിക്കാഴ്ചയിലെ പ്രധാനവിഷയം നദീജല തർക്കമായിരുന്നു. എടുത്തുചാടി കടുത്ത നിലപാടുകൾ സ്വീകരിക്കരുതെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. എന്നാൽ, ചിറ്റൂർ മേഖലയിൽ കർഷക പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ കടുത്ത നടപടി സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.