മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കുറക്കും
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് രണ്ടോ മൂന്നോ അടി കുറക്കാന്‍ ദേശീയ ദുരന്ത നിവാരണ സമിതിയും മുല്ലപ്പെരിയാര്‍ ഉപസമിതിയും തീരുമാനിച്ചു. ഘട്ടംഘട്ടമായി വെള്ളം കുറക്കാനാണ് തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിനെ അറിയിച്ചു. വെള്ളം തുറന്നുവിടുമ്പോള്‍ ജനങ്ങളെ ബാധിക്കാതിരിക്കാൻ നിരീക്ഷണം വേണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ജലനിരപ്പ് 139 അടിയാക്കിക്കൂടെ എന്ന് സുപ്രീംകോടതി ചോദിച്ചപ്പോൾ അത് കേരളത്തില്‍ കൂടുതല്‍ വെള്ളപ്പൊക്കമുണ്ടാക്കുമെന്നായിരുന്നു തമിഴ്നാടിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശേഖര്‍ നാഫഡെ നൽകിയ മറുപടി.
തമിഴ്നാട്ടിലേക്ക് ടണല്‍ വഴി കൂടുതല്‍ വെള്ളമെടുത്ത് ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിെൻറ ആവശ്യവും തമിഴ്നാട് അംഗീകരിച്ചില്ല. അവിടെ വെള്ളം സംഭരിക്കാനുള്ള പരമാവധി ശേഷി നേരത്തെ ഉപയോഗപ്പെടുത്തി കഴിഞ്ഞിരിക്കുകയാണെന്നും ജലനിരപ്പ് താഴ്ത്തണമെങ്കില്‍ അണക്കെട്ടിെൻറ ഷട്ടര്‍ ഉയര്‍ത്തി കേരളത്തിലേക്ക് വെള്ളം വിടുകയല്ലാതെ മാര്‍ഗമില്ലെന്നും നാഫഡെ തുടർന്നു.
എന്നാൽ, ജലനിരപ്പ് കുറക്കാനുള്ള തീരുമാനം തമിഴ്നാട് അംഗീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. 139 അടിയിലേക്ക് ജലനിരപ്പ് കുറക്കാനുള്ള സാധ്യത ആരായണമെന്നും നിർദേശിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേരള ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു. അണക്കെട്ടിലെ സാഹചര്യങ്ങള്‍ ഉന്നതതലത്തില്‍ നിരീക്ഷിച്ചുവരുകയാണെന്നും സമിതികളുടെ തീരുമാനം സുപ്രീംകോടതിയെ അറിയിച്ച അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് തമിഴ്നാട് തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ദുരന്ത നിവാരണ പദ്ധതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസ്സല്‍ ജോയിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അണക്കെട്ടിെൻറ ഉറപ്പ് തെളിയിക്കാനാണ് തമിഴ്നാട് ശ്രമിക്കുന്നതെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വ. മനോജ്. വി. ജോര്‍ജ് ബോധിപ്പിച്ചു.
കേരളത്തിലെ പ്രളയം പരിഗണിച്ച് അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറക്കുന്നതിെൻറ സാധ്യതകള്‍ പരിശോധിക്കാന്‍ ഉപസമിതിയോട് സുപ്രീംകോടതി വ്യാഴാഴ്ച നിർദേശിച്ചിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.