ചൂരൽമലയെ കൈവെടിഞ്ഞ് കേന്ദ്രസർക്കാർ; ‘വെറും സംസ്ഥാന ദുരന്തം’
text_fieldsന്യൂഡൽഹി: ചൂരൽമല ഉരുൾദുരന്തത്തിൽ പരിക്കേറ്റ കുഞ്ഞുങ്ങളെ താലോലിച്ചും ഹെലികോപ്ടറിൽ കറങ്ങിയും തിരിച്ച് പോയ പ്രധാനമന്ത്രി ഒടുവിൽ കാര്യത്തോടടുത്തപ്പോൾ ഉരുൾ ദുരിതബാധിതരെ കൈവിട്ടു. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭങ്ങളിലൊന്നായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമല്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. മാനദണ്ഡങ്ങൾ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകി.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് രണ്ടിന് കെ.വി. തോമസ് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കേന്ദ്രത്തിന്റെ രക്ഷാസേനകളായ എസ്.ഡി.ആർ.എഫിന്റെയും എൻ.ഡി.ആർ.എഫിന്റെയും മാനദണ്ഡപ്രകാരം അനുവദിക്കാനാവില്ലെന്നാണ് നിലപാട്.
ചട്ടപ്രകാരം വിജ്ഞാപനം ചെയ്ത 12 ദുരന്തങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള തുക ദുരന്ത നിവാരണ ഫണ്ടിൽനിന്ന് ഉപയോഗിക്കാം.
2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ദുരന്തനിവാരണ ഫണ്ട് കേരളത്തിന് കൈമാറിയിട്ടുണ്ട്. രണ്ടു തവണയായി 388 കോടി നൽകി. ഇതിൽ 291 കോടി നേരത്തേ തന്നെ നൽകിയിരുന്നു. ജൂലൈ 31ന് 145 കോടിയും ഒക്ടോബർ ഒന്നിന് ബാക്കി തുകയും മുൻകൂറായി തന്നെ നൽകി. ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് അക്കൗണ്ടന്റ് ജനറൽ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള പണം ദുരന്ത നിവാരണ നിധിയിലുണ്ട് എന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് പരിഗണിക്കവേ വിഷയത്തിൽ ഹൈകോടതി കേന്ദ്രത്തോട് നിലപാട് ആരാഞ്ഞിരുന്നു. ഉന്നതതല സമിതി തീരുമാനം രണ്ടാഴ്ചക്കകം ഉണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
കേന്ദ്രത്തിെൻറ നിലപാട് നിരാശാജനകമെന്ന് കെ.വി.തോമസ് പറഞ്ഞു. പ്രധാനമന്ത്രി വയനാട് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ടതാണ്. ആന്ധ്രപ്രദേശും ബിഹാറുമടക്കം സംസ്ഥാനങ്ങൾക്ക് കൈയയച്ച് നൽകിയ കേന്ദ്രം കേരളത്തിനുനേരെ കൈമലർത്തുന്നത് ദുഃഖകരമാണെന്നും കെ.വി. തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.