ഉരുൾപൊട്ടൽ: ദുർബല പ്രദേശങ്ങളുടെ മാപിങ് നടത്തി ദുരന്തമുണ്ടാകുന്നത് തടയണം -ലോക്സഭയിൽ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: വയനാടും പശ്ചിമ ഘട്ടവും ഉരുൾപൊട്ടൽ ഭീഷണിയിൽ തുടരുകയും രാജ്യത്തൊന്നാകെ ഉരുൾ പൊട്ടൽ ഭീതിദമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം പ്രദേശങ്ങളുടെ മാപിങ് നടത്തി പരിഹാര നടപടികൾ ആവിഷ്ക്കരിക്കണമെന്നും പരിസ്ഥിതി ദുർബല മേഖലകളിൽ ഇനിയും ഇത്തരം ദേശീയ ദുരന്തങ്ങളുണ്ടാകുന്നത് തടയണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു.
വയനാടിൽ അതിദാരുണമായ ഉരുൾപൊട്ടലുണ്ടായ വിവരമാണ് അതിരാവിലെ തേടിയെത്തിയതെന്ന് രാഹുൽ സഭയിൽ പറഞ്ഞു. 70ലേറെ പേർ മരിക്കുകയും മുണ്ടക്കൈ ഗ്രാമം പുർണമായും ഒറ്റപ്പെട്ടിരിക്കുന്നു. ജീവാപായവും മറ്റു നാശനഷ്ടങ്ങളും ഇനിയും കണക്കാക്കിയിട്ടില്ല.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോടും കേരള മുഖ്യമന്ത്രി പിണറായി വിജയനോടും സംസാരിച്ചുവെന്ന് രാഹുൽ പറഞ്ഞു. അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ നടത്താനും വൈദ്യസഹായം ലഭ്യമാക്കാനും രാഹുൽ ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്രയും നേരത്തെയാക്കണമെന്നും ഇരകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയാറാക്കണമെന്നുമുള്ള ആവശ്യവും രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിന് മുന്നിൽ വെച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും ഗതാഗത സൗകര്യങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും പുനസ്ഥാപിക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.