കേരളത്തിന് ആവശ്യമായ സഹായം നൽകി; ദുരന്തസമയത്ത് രാഷ്ട്രീയമില്ല, കേരളത്തിലെ ജനങ്ങളും ഇന്ത്യക്കാരാണ് -അമിത് ഷാ
text_fieldsന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ കേരളത്തിന് ആവശ്യമായ സഹായം നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദുരന്തസമയത്ത് എൻ.ഡി.ആർ.എഫിൽ നിന്നും 215 കോടി സഹായം നൽകി. മന്ത്രിതലസമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ 153 കോടി രൂപയുടെ അധിക സഹായവും നൽകിയെന്ന് അമിത് ഷാ പറഞ്ഞു.
ദുരന്തസമയത്ത് രാഷ്ട്രീയമില്ല. കേരളത്തിലേയും യു.പിയിലേയും ഗുജറാത്തിലേയും ജനങ്ങൾ ഇന്ത്യക്കാരാണ്. ഒരു വിവേചനവുമില്ലാതെ ഇവർക്കെല്ലാം സഹായം നൽകും. ദുരന്തമുഖത്ത് സർക്കാറിന് രാഷ്ട്രീയം കാണിക്കേണ്ട ആവശ്യമില്ല. 2219 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. ഇതിൽ 530 കോടിയുടെ സഹായം ഇതുവരെ നൽകിയിട്ടുണ്ട്. പരിശോധിച്ച് തുടർ സഹായം നൽകുമെന്നും അമിത് ഷാ പറഞ്ഞു.
നേരത്തെ വയനാട് പുനരധിവാസത്തിന് സഹായം ചോദിച്ച കേരളത്തിന് 529.50 കോടി രൂപ വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. മൂലധന നിക്ഷേപത്തിനുള്ള ക്യാപക്സില്‍ നിന്ന് പലിശരഹിത വായപയെടുക്കാനാണ് അനുമതി. ഈ സ്കീമിലെ വായ്പയ്ക്ക് പലിശ ഇല്ല. 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി.
ടൗണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്കൂള്‍ നവീകരണം തുടങ്ങിയ പദ്ധതികള്‍ക്ക് ഇതില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്താം. 2024-25 ലെ പദ്ധതിയില്‍പെടുത്തിയാണ് തുക അനുവദിച്ചത്. അതിനാല്‍ മാര്‍ച്ച് 31 നകം ചിലവുകള്‍ സമര്‍പ്പിക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന് വെല്ലുവിളിയാണ്. തുടർന്ന് ഹൈകോടതി ഇടപെടലിനെ തുടർന്നാണ് കേന്ദ്രം ഇളവ് അനുവദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.