കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് ഞെട്ടിക്കുന്ന അനീതിയെന്നും പ്രിയങ്ക
text_fieldsന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാടിന് അടിയന്തര സഹായം നിഷേധിക്കുന്നത് അനീതിയാണെന്ന് പ്രിയങ്ക പറഞ്ഞു.
‘ഉരുൾപൊട്ടൽ വയനാടിനെ തകർത്തെറിഞ്ഞിട്ടും ബി.ജെ.പി സർക്കാർ അതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വിസമ്മതിക്കുകയാണ്. ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം നിഷേധിക്കുന്നു. ഇത് വെറും അവഗണനയല്ല; സങ്കൽപ്പിക്കാനാവാത്ത ദുരിതം നേരിട്ടവരോട് കാണിക്കുന്ന ഞെട്ടിക്കുന്ന അനീതി കൂടിയാണ്. വയനാട്ടിലെ ജനങ്ങൾ കൂടുതൽ സഹായം അർഹിക്കുന്നുണ്ട്. ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവസ്ഥലം സന്ദർശിച്ച് ദുരിതങ്ങൾ നേരിട്ട് കണ്ടറിഞ്ഞതാണ്. എന്നാൽ, ഇന്ന് അദ്ദേഹത്തിന്റെ സർക്കാർ സഹായം തടഞ്ഞ് രാഷ്ട്രീയം കളിക്കുകയാണ്. ദുരിതസമയത്ത് ഹിമാചൽ പ്രദേശിനോടും സമാനമായിരുന്നു മോദി സർക്കാറിന്റെ സമീപനം. ഇത്തരത്തിൽ ദുരിതബാധിതരോട് വേർതിരിവ് കാണിക്കുന്നത് അംഗീകരിക്കാനാവില്ല’ - പ്രിയങ്ക ഗാന്ധി സമൂഹമാധ്യമ വേദിയായ എക്സിൽ കുറിച്ചു.
ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസിന്റെ കത്തിന് മറുപടിയായാണ് വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കിനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചത്. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറൽ അറിയിച്ചുവെന്നും നിത്യാനന്ദ റായി വ്യക്തമാക്കി. ഇതോടെ കൂടുതൽ സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല.
വയനാട് ദുരന്തം സംഭവിച്ച് മൂന്നു മാസം പിന്നിടുമ്പോഴും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ രൂപരേഖ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വലിയ ഒരു ദുരന്തത്തിൽ കേന്ദ്രസഹായം ഇത്രയും വൈകുന്നത് ഇതാദ്യമാണ്. നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തിൽപ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്നും കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസർക്കാറിനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന അമികസ് ക്യൂറി റിപ്പോർട്ടിൻമേൽ കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര സർക്കാർ മറുപടി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.