‘വയനാടോ റായ്ബറേലിയോ? ഏതു സീറ്റ് നിലനിർത്തും?’ -രാഹുലിന്റെ മറുപടി ഇങ്ങനെ...
text_fieldsന്യൂഡൽഹി: ‘വയനാടോ റായ്ബറേലിയോ? ഏതു സീറ്റാണ് താങ്കൾ നിലനിർത്തുക’ -എ.ഐ.സി.സി ആസ്ഥാനത്ത് ചേർന്ന വാർത്താസമ്മേളനത്തിൽ തന്നെത്തേടി ഈ ചോദ്യമെത്തിയപ്പോൾ നിറഞ്ഞ പുഞ്ചിരിയായിരുന്നു രാഹുൽ ഗാന്ധിയുടെ ആദ്യ മറുപടി. പതിയെ രാഹുൽ ചോദ്യത്തോട് പ്രതികരിക്കുകയും ചെയ്തു.
‘രണ്ടു സീറ്റിലും ജയിച്ചതിൽ ഏറെ സന്തോഷം. വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങൾക്ക് ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. ഏതു സീറ്റാണ് നിലനിർത്തുകയെന്ന് തീരുമാനിച്ചിട്ടില്ല. രണ്ടു സീറ്റും എനിക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ, രണ്ടിലും തുടരാനാവില്ലല്ലോ. എല്ലാവശവും ആലോചിച്ച് അക്കാര്യത്തിൽ തീരുമാനത്തിലെത്തേണ്ടതുണ്ട്. ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല’ -രാഹുൽ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനാണ് പോരാടിയതെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്‍റെ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ വാർത്താസമ്മേളനം.
പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ വ്യക്തമാക്കി. മോദി പോയപ്പോൾ അദാനിയും പോയെന്നും അദാനിയുടെ സ്റ്റോക്ക് നോക്കൂവെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.