അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: അഫ്ഗാനിസ്താനിലെ ഏറ്റവും ഒടുവിലത്തെ സ്ഥിതിഗതികൾ കേന്ദ്രസർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ആളുകളെ ഒഴിപ്പിക്കുന്നതിലാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. പതിനൊന്നാമത് ദേശീയ വിദ്യാർഥി പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു ബില്യൻ യു.എസ്. ഡോളറിന്‍റെ വികസന പ്രവർത്തനങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടത്തിക്കൊണ്ടിരുന്നത്. പശ്ചാത്തല വികസനത്തോടോപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വളർത്തുക, വ്യാപാരം വർധിപ്പിക്കുക, മാനുഷികമായ സഹായം നൽകുക തുടങ്ങിയ കാര്യങ്ങളിലും ഇന്ത്യ ഊന്നൽ നൽകിയിരുന്നു. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലുമായി 500ഓളം പദ്ധതികളാണ് ഇന്ത്യ നടപ്പാക്കിയിരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പരസ്പര ആദരവിലൂടെ മാത്രമേ ചൈനയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടു പോകാനാവൂ. ലഡാക്ക് മേഖലയിലെ അസ്വാസ്ഥ്യത്തിന് ചൈന ഏകപക്ഷീയമായി തുടക്കം കുറിക്കുകയായിരുന്നുവെന്നും മുരളീധരൻ ആരോപിച്ചു.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിരവധി വികസന പ്രവർത്തനങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്. പശ്ചാത്തല വികസനം, ആശുപത്രികൾ, അണക്കെട്ടുകൾ, പാലങ്ങൾ, നൈപുണ്യ വർധന, കായികം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയുടെ പദ്ധതികൾ ഈ രാജ്യങ്ങളിൽ നടക്കുന്നുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഊന്നൽ നൽകിയിട്ടുണ്ട്. ആദരം, സംവാദം, സമാധാനം, പുരോഗതി എന്നിവയാണ് വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാറിന്‍റെ അടിസ്ഥാന നയങ്ങളെന്നും വി. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.