ഞങ്ങൾ കൈയേറ്റക്കാരല്ല; സുപ്രീംകോടതി വിധിക്ക് പിന്നാലെ ഹൽദ്വാനിയിലെ ജനങ്ങൾ
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ കൂട്ട കുടിയിറക്കൽ തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 95 ശതമാനം മുസ്‍ലിംകളുള്ള ഗഫൂർ ബസ്തിയിൽ നിന്ന് 4365 കുടുംബങ്ങളെ പതിറ്റാണ്ടുകളായി അവർ താമസിക്കുന്ന കിടപ്പാടങ്ങളിൽനിന്ന് ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള നീക്കം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് തടഞ്ഞത്. അരലക്ഷം മനുഷ്യരെ ഏഴു നാൾകൊണ്ട് പിഴുതെറിയാനാവില്ലെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി വിധി സ്റ്റേ ചെയ്ത് ബെഞ്ച് ഓർമിപ്പിച്ചിരുന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൽദ്വാനിയിലെ താമസക്കാർ.
തങ്ങൾ കൈയേറ്റക്കാരല്ലെന്നാണ് അവർ ഒരേ സ്വരത്തിൽ പറയുന്നത്. ഈ ഭൂമി റെയിൽവേയുടേതാണെങ്കിൽ ഇവിടെ സംസ്ഥാന സർക്കാർ എന്തു ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് ഈ ഭൂമിയിൽ സർക്കാർ സ്കൂളുകളും ആശുപത്രികളും കോളജുകളും വന്നത്. ഞങ്ങളെ ശ്രദ്ധിക്കാനോ കേൾക്കാനോ ഭരണകൂടം തയാറാവുന്നില്ലെന്ന് ഹൽദ്വാനിയിൽ ഫാർമസിസ്റ്റായി ജോലി നോക്കുന്ന ഇഷാൻ സിങ് പറഞ്ഞു.
ഇലക്ട്രീഷ്യനായി വിരമിച്ച മുഹമ്മദ് ഇഷർ ഖാനും സമാനമായ പ്രതികരണം തന്നെയാണ് നടത്താനുള്ളത്. കുട്ടിക്കാലം മുതൽ ഞാൻ ഇവിടെയാണ് ജീവിക്കുന്നത്. എന്റെ മാതാപിതാക്കൾ മരിച്ചതും ഇവിടെയാണ്. ഈ ഭൂമിയിൽ ജോലി ചെയ്ത് ഇപ്പോൾ എനിക്ക് പ്രായമായി. എന്റെ കുട്ടികളും ഇവിടെ വളർന്ന് ഇപ്പോൾ വിവാഹിതരായി. എന്താണ് ഞാൻ സമ്പാദിച്ചത്. എന്റെ ത്യാഗം മുഴുവൻ ഈ വീട് നിർമ്മിക്കുന്നതിന് വേണ്ടിയായിരുന്നു. ഇപ്പോൾ ഞാൻ പഴയ പോലെ യുവാവല്ല. എനിക്ക് വീണ്ടും ജോലി ചെയ്യാനാവില്ല. ഇവിടെ നിന്നും ഇറക്കിവിട്ടാൽ ഞാൻ എവിടേക്ക് പോകും-59കാരനായ മുഹമ്മദ് ഇഷർ ഖാൻ ചോദിക്കുന്നു.
തങ്ങളുടെ അവകാശങ്ങൾക്കായാണ് പോരാടുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് വനിതകളും പ്രതികരിച്ചു. സമാധാനപരമായാണ് ഞങ്ങളുടെ പോരാട്ടം. റെയിൽവേയുടെ ഉടമസ്ഥതയിൽ ഉള്ളതിനേക്കാൾ കൂടുതൽ ഭൂമിയിൽ അവർ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവർ ഹൽദ്വാനിയിൽ നിന്ന് തുടങ്ങുന്നത്. അവർക്ക് പൊളിക്കൽ കാത്ഗോഡമിൽ നിന്നോലാൽ കുവാനിൽ നിന്നോ തുടങ്ങാമായിരുന്നില്ലേയെന്നും ഇവർ ചോദിക്കുന്നു. ഇവിടെ നിന്ന് പോയാൽ ഞങ്ങളുടെ കുട്ടികൾ എവിടെ പഠിക്കും. മുസ്‍ലിംകൾ കുട്ടികളെ പഠിപ്പിക്കണ്ടയെന്നാണോ അവർ പറയുന്നത്. ഇങ്ങനെ കുടിയിറക്കിവിട്ടാൽ ഞങ്ങളുടെ ജീവിതത്തിൽ എങ്ങനെ പുരോഗതിയുണ്ടാകുമെന്നും അവർ ചോദിച്ചു.
കടപ്പാട്: ദ ക്വിന്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.