'ഞങ്ങളാണ് യഥാർഥ ശിവസേന, പാർട്ടിയെ വിലക്ക് വാങ്ങാനാകില്ല'; ഷിൻഡെയെ വിമർശിച്ച് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന തലവൻ ഉദ്ധവ് താക്കറെ. നാല് തലമുറകൾ നീണ്ട സാമൂഹിക പ്രവർത്തനത്തിൽനിന്ന് പിറവിയെടുത്ത യഥാർഥ സേനയുടെ തലവൻ താനാണെന്ന് ഉദ്ധവ് പറഞ്ഞു.
തന്‍റെ പാർട്ടിയെ തട്ടിയെടുക്കാനോ, വിലക്ക് വാങ്ങാനോ കഴിയില്ല. മുംബൈയിലെ ശിവസേന ഭവനിൽ പാർട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നാലു തലമുറകൾ നീണ്ടുനിൽക്കുന്ന സമൂഹിക പ്രവർത്തനത്തിൽനിന്ന് പിറവിയെടുത്ത യഥാർഥ പാർട്ടി ഞങ്ങളാണ്' -ഉദ്ധവ് പറഞ്ഞു. ശിവസേനയെ ഭിന്നിപ്പിക്കാനും തകർക്കാനും കഴിഞ്ഞകാലങ്ങളിൽ നടന്ന ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. ഇനിയും വിജയിക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് ഏക്നാഥ് ഷിൻഡെയും 40 എം.എൽ.എമാരും ശിവസേന നേതൃത്വത്തിനെതിരെ വിമതസ്വരം ഉയർത്തി രംഗത്തുവന്നത്.
പിന്നാലെ താക്കറെ നേതൃത്വത്തിലുള്ള മഹാ വികാസ് ആഘാഡി സർക്കാർ രാജിവെച്ചു. ബാൽ താക്കറെയുടെ യഥാർഥ ശിവസേന തങ്ങളാണെന്നാണ് അന്നു മുതൽ ഷിൻഡെ പക്ഷം അവകാശപ്പെടുന്നത്. പാർട്ടി ചിഹ്നത്തിനായും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം സുപ്രീംകോടതിക്കു മുമ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.