ഞങ്ങൾ ഒന്നിച്ചാണ്; ഡിസംബർ 16നും 18നും ഇടയിൽ ഇൻഡ്യ മുന്നണി യോഗം ചേരും- സഞ്ജയ് റാവുത്ത്
text_fieldsന്യൂഡൽഹി: ഇൻഡ്യ മുന്നണിയുടെ യോഗം ഡിസംബർ 16നും 18നും ഇടയിൽ ചേരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. പ്രധാനപ്പെട്ട പല നേതാക്കൾക്കും പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാലാണ് ഇന്നത്തെ യോഗം മാറ്റി വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യ മുന്നണി യോഗം ഇന്ന് നടത്താമെന്നാണ് കരുതിയിരുന്നത്. എന്നാൽ പല പ്രധാന നേതാക്കൾക്കും പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. മമത ബാനർജിക്ക് കുടംബത്തിൽ ഒരു വിവാഹചടങ്ങുണ്ട്. തമിഴാനാട്ടിൽ പ്രളയം ബാധിച്ചതിനാൽ എം.കെ.സ്റ്റാലിൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തിരക്കിലാണ്. നിതീഷ് കുമാറിന് സുഖമില്ല, അതുപോലെ അഖിലേഷ് യാദവിന് പങ്കെടുക്കാനാവില്ല. അതിനാൽ യോഗം ഡിസംബർ 16നും 18നും ഇടയിൽ നടത്താൻ തീരുമാനിച്ചു. മറ്റു കാര്യങ്ങളെല്ലാം യോഗത്തിൽ തീരുമാനിക്കും. ഞങ്ങൾ ഒരുമിച്ചാണ്, അതിന്റെ ഫലം 2024ൽ നിങ്ങൾ കാണും" - സഞ്ജയ് റാവുത്ത് പറഞ്ഞു.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇൻഡ്യ മുന്നണിയുടെ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്. യോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ അതിനനുസരിച്ച് പരിപാടികൾ നിശ്ചയിക്കുമായിരുന്നുവെന്നും അവസാന നിമിഷം എങ്ങനെ ഷെഡ്യൂൾ മാറ്റാനാകുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത ബാനർജി ചോദിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സീറ്റ് വിഭജനമായിരിക്കും യോഗത്തിലെ പ്രധാന അജണ്ട. നിയമസഭ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇൻഡ്യ മുന്നണി യോഗം വിളിച്ചത്. 26 കക്ഷികൾ അണിനിരക്കുന്ന ഇൻഡ്യ മുന്നണിയുടെ മൂന്നുയോഗങ്ങൾ ഇതുവരെ നടന്നിട്ടുണ്ട്. പട്ന, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലായിരുന്നു യോഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.