ഗോഡ്‌സെയുടെയല്ല, ഗാന്ധിയുടെ ഹിന്ദുമതത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് -കെ.സി.വേണുഗോപാൽ
text_fieldsന്യൂഡൽഹി: രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ചുവട് പിടിച്ച് അദ്ദേഹത്തിനെതിരെ ശക്തമായ കുപ്രചരണം അഴിച്ചുവിട്ട ബി.ജെ.പിക്കെതിരെ സഭയില്‍ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ. ഗോഡ്‌സെയുടേതല്ല, ഗാന്ധിയുടെ ഹിന്ദുമതത്തിലാണ് തങ്ങൾ വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തില്ലായിരുന്നെങ്കില്‍ ബിജെപി 150 സീറ്റില്‍ ഒതുങ്ങിയേനേ. ലോക്സഭ തെരഞ്ഞെടുപ്പില്‍ ധാർമിക വിജയം ഇന്ത്യാ മുന്നണിക്കാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അഴിമതി വൃത്തിയാക്കാനുള്ള വാഷിങ് മെഷീന്‍ മാത്രമാണെന്ന് പരിഹസിച്ച വേണുഗോപാല്‍ മോദിക്കും കൂട്ടര്‍ക്കും സര്‍ക്കാരിന്റെ നിലനില്‍പ്പ് സംബന്ധിച്ച് ആത്മവിശ്വാസക്കുറവുണ്ടെന്നത് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലെ പ്രസ്താവനയെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന മോദി സര്‍ക്കാരിന്റെ നടപടികളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വേണുഗോപാല്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബിജെപി മതത്തെ ആയുധമാക്കുന്നതായും ആരോപിച്ചു.
പ്രധാനമന്ത്രി എത്രയൊക്കെ വിദ്വേഷ പ്രസംഗം നടത്തി മതപരമായ ധ്രൂവീകരണത്തിന് ശ്രമിച്ചാലും ജനം അതെല്ലാം തള്ളിക്കളയുമെന്നതിന് തെളിവാണ് മോദി വിദ്വേഷ പ്രസംഗം നടത്തിയ ഭൻസ്വാരയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിനിധി 2,47,504 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. പ്രധാനമന്ത്രി മോദിയെ ദൈവത്തേക്കാള്‍ വലിയവനായി ചിത്രീകരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ ശ്രമത്തെയും വേണുഗോപാല്‍ കണക്കിന് പരിഹസിച്ചു.
കഴിഞ്ഞ ദിവസത്തെ രാഹുല്‍ഗാന്ധിയുടെ സഭയിലെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ നീക്കിയ സ്പീക്കറുടെ നടിപടിയെ ചോദ്യം ചെയ്ത വേണുഗോപാല്‍, ബിജെപി എംപി അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിലെ ദൂഷ്യവശങ്ങള്‍ സ്പീക്കര്‍ കാണാതെ പോയതെന്തുകൊണ്ടെന്നും ചോദിച്ചു.
മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരവസ്ഥ അദ്ദേഹം ലോക്‌സഭയില്‍ തുറന്നുകാട്ടി. കാടുകളില്‍ വസിക്കുന്ന ആദിവാസി സമൂഹങ്ങളുടേത് പോലെത്തന്നെ തീരങ്ങളില്‍ വസിക്കുന്ന മത്സ്യത്തൊഴിലാളികളും ദുരിതമനുഭവിക്കുകയാണ്. തീരദേശ നിയമങ്ങളാല്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നിർമിക്കാനും മത്സ്യബന്ധനത്തിനും കഴിയാത്ത സാഹചര്യമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും വീടുകള്‍ നിർമിക്കാന്‍ അനുവദിക്കുന്ന വിധത്തില്‍ സി.ആര്‍.ഇസഡ് നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.