ഇന്ന് മുംബൈ ഭീകരാക്രമണ വാർഷികം; നവംബർ 26 ഒരിക്കലും മറക്കില്ലെന്ന് മോദി
text_fieldsന്യൂഡൽഹി: ഇന്ന് മുംബൈ ഭീകരാക്രമണത്തിന്‍റെ 15ാം വാർഷികം. 2008 നവംബർ 26ന് തീവ്രവാദികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ക്രൂരമായ ആക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. രണ്ട് ദിവസത്തോളം മുംബൈ നഗരം ആക്രമണത്തിൽ വിറങ്ങലിച്ചു.
നവംബർ 26 ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു. ഇന്ത്യക്കെതിരെ ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്ന ദിനമാണിന്ന്. മുംബൈയെ മാത്രമല്ല, രാജ്യത്തെയാകെ ഭീകരവാദികൾ ഉലച്ച ദിനം. എന്നാൽ, പിന്നീട് ഇച്ഛാശക്തിയിലൂടെ അതിനെ മറികടക്കാനും ഭീകരവാദത്തെ സധൈര്യം അമർച്ച ചെയ്യാനും ഇന്ത്യക്ക് സാധിച്ചു -മോദി പറഞ്ഞു.
മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം സ്മരിക്കുന്നു -മോദി പറഞ്ഞു.
ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, തെക്കൻ മുംബൈ പൊലീസ് ആസ്ഥാനം, നരിമാൻ ഹൗസ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് 2008 നവംബർ 26ന് ആസൂത്രിതമായ ആക്രമണം നടന്നത്. തീവ്രവാദികളെ നേരിടുന്നതിനിടെ മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കർകരെ ഉൾപ്പെടെ 14 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
ഒമ്പത് തീവ്രവാദികൾ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണ പരമ്പരക്കു ശേഷം ജീവനോടെ പിടിയിലായ ഏക തീവ്രവാദിയായ അജ്മൽ കസബിനെ 2012 നവംബർ 21ന് തൂക്കിക്കൊല്ലുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.