ഹിന്ദിക്കെതിരല്ല; ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്ന് സ്റ്റാലിൻ
text_fieldsചെന്നൈ: തമിഴ്‌നാട് ഹിന്ദിക്കെതിരല്ലെന്നും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ മോഴിപോർ(ഭാഷയുടെ യുദ്ധം) എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് ഹിന്ദി വിരോധത്തെ കുറിച്ച് സ്റ്റാലിൻ പ്രതികരിച്ചത്. സംസ്ഥാന ഭാഷകളെ രാജ്യത്തിെൻറ ഔദ്യോഗിക ഭാഷയാക്കി മാറ്റുന്നതിനായി നിയമഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള പോരാട്ടത്തിലാണ് തങ്ങളിപ്പോഴുമെന്ന് സ്റ്റാലിൻ പറഞ്ഞു.
തമിഴ് വേണമെന്ന് പറയുന്നത് കൊണ്ട് ഞങ്ങൾ ഇടുങ്ങിയ ചിന്താഗതിക്കാരാണെന്ന് വിചാരിക്കരുത്. ഹിന്ദിയെന്നല്ല ഒരു ഭാഷക്കും ഞങ്ങൾ എതിരല്ല. ഒരാൾ അയാളുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷ പഠിക്കുന്നതിനെ എതിർക്കില്ല. എന്നാൽ, നിർബന്ധപൂർവം ഒരാളെ ഭാഷ പഠിപ്പിക്കാൻ ശ്രമിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
ഹിന്ദി അടിച്ചേൽപ്പിക്കുകയും അതിനെ മേധാവിത്വത്തിെൻറ അടയാളമായി കാണുകയും ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ല. രാജ്യത്ത് ഒരു മതം മാത്രമായാലുണ്ടാവുന്ന അവസ്ഥ തന്നെയാവും ഭാഷയുടെ കാര്യത്തിലും സംഭവിക്കുകയെന്ന് സ്റ്റാലിൻ പറഞ്ഞു.
ഹിന്ദി അടിച്ചേൽപ്പിച്ച് ആ ഭാഷ മാത്രം സംസാരിക്കുന്ന പൗരൻമാരെ സൃഷ്ടിക്കാനാണ് ശ്രമം. അങ്ങനെ വന്നാൽ മറ്റ് ഭാഷകൾ സംസാരിക്കുന്നവർ രണ്ടാംകിട പൗരൻമാരാകുമെന്നും സ്റ്റാലിൻ പറഞ്ഞു. മാതൃഭാഷകളെ മുഴുവൻ മാറ്റി ആ സ്ഥാനത്തേക്ക് ഹിന്ദിയെ കൊണ്ടു വരാനുള്ള നീക്കത്തെയാണ് എതിർക്കുന്നത്. റിപബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന പരേഡിൽ തമിഴ്നാടിെൻറ ടാബ്ലോ ഒഴിവാക്കിയതിനേയും സ്റ്റാലിൻ വിമർശിച്ചു.
നേരത്തെ ഹിന്ദി പഠിക്കുന്നത് എന്ത് ദോഷമാണ് ചെയ്യുന്നതെന്ന് തമിഴ്‌നാട് സർക്കാറിനോട് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഹിന്ദി അറിയാതെ പലർക്കും കേന്ദ്ര സർക്കാർ ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും കോടതി വിമർശിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 തമിഴ്നാട്ടിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഒന്നാം ബെഞ്ചിന്റെ നിരീക്ഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.