75 വർഷത്തിനിടെ മറ്റൊരു ഗാന്ധിയെ സൃഷ്ടിക്കാനായില്ല, പക്ഷേ പത്ത് വർഷം കൊണ്ട് ബി.ജെ.പി നിരവധി ഗോഡ്സെകളെയുണ്ടാക്കി - മെഹബൂബ മുഫ്തി
text_fieldsശ്രീനഗർ: കഴിഞ്ഞ 75 വർഷത്തിനിടെ രാജ്യത്തിന് മറ്റൊരു മഹാത്മാഗാന്ധിയെ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ലെന്നും എന്നാൽ ബി.ജെ.പി പത്ത് വർഷം കൊണ്ട് നിരവധി ഗോഡ്സേകളെ സൃഷ്ടിച്ചുവെന്നും പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിക്കുന്ന ബി.ജെ.പിയുടെ പോസ്റ്ററിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഫ്തി. ഏതെങ്കിലും ബി.ജെ.പി നേതാവിനെ കുറിച്ച് ഒരു വ്യക്തി ഇത്തരം പോസ്റ്റർ പ്രചരിപ്പിച്ചിരുന്നുവെങ്കിൽ കൂടുതൽ അന്വേഷണത്തിനൊന്നും വഴിവെക്കാതെ ആ വ്യക്തിയെ ജയിലിലടക്കുകയും അയാൾക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ടാകുമായിരുന്നുവെന്നും മുഫ്തി പറഞ്ഞു.
രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിക്കുന്ന പോസ്റ്റർ എക്സിലായിരുന്നു ബി.ജെ.പി പങ്കുവെച്ചത്. പുതിയ യുഗത്തിലെ രാവണൻ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റർ പങ്കുവെച്ചത്. ഇത്തരം പ്രവർത്തികൾ ആപത്താണെന്നും മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണെന്നുമായിരുന്നു കോൺഗ്രസിന്‍റെ പ്രതികരണം. അതേസമയം ഇത്തരം പ്രവർത്തികൾ ഇൻഡ്യ സഖ്യം രൂപീകരിച്ചതിലുള്ള ബി.ജെ.പിയുടെ അമർഷമാണ് വ്യക്തമാക്കുന്നത് എന്ന് മെഹബൂബ മുഫ്തി പറഞ്ഞു. അവർ ഇൻഡ്യ സഖ്യത്തിൽ ആകെ നിരാശരാണ്. ഉള്ളിന്‍റെയുള്ളിൽ അവർ നടത്തിയ ഹിന്ദു-മുസ്ലിം വിഭാഗീയത വമ്പൻ പരാജയമായിരുന്നുവെന്ന് അവർക്ക് തന്നെയറിയാം. അതിന്‍റെ അമർഷമാണ് ബി.ജെ.പി കാണിക്കുന്നതെന്നും മുഫ്തി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പ്രയത്നങ്ങളെ കുറിച്ച് പറഞ്ഞ മുഫ്തി രാജ്യത്ത് സമീപകാലത്തായി ഗോഡ്സെയുടെ ആശയങ്ങൾ പിന്തുടരുന്നവരുടെ എണ്ണം കൂടുകയാണെന്നും പറഞ്ഞു.
"ഒരു മനുഷ്യൻ ഗോഡ്‍സെയുടെ ആശയങ്ങൾക്കെതിരെ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു. ബി.ജെ.പി ഗോഡ്സെയുടെ സംഘത്തെ സൃഷ്ടിക്കുന്നു. അവൻ (രാഹുൽ ഗാന്ധി) ഗാന്ധിയാകാൻ ശ്രമിക്കുന്നു. 75 വർഷം കഴിഞ്ഞിട്ടും ഗാന്ധിയെ പുനസൃഷ്ടിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. പക്ഷേ 10 വർഷം കൊണ്ട് അവർ (ബി.ജെ.പി)അനേകം ഗോഡ്സെമാരെ സൃഷ്ടിച്ചു" മുഫ്തി പറഞ്ഞു. ഈ സാഹചര്യത്തിൽ ശ്വസിക്കാൻ പോലും പ്രയാസം തോന്നുകയാണെന്നും അവർ കൂട്ടിച്ചേർത്തു. സനാതനധർമത്തെ കുറിച്ചും മുഫ്തി പരാമർശിച്ചു.
"സനാതന ധർമത്തെ വിശ്വസിക്കുന്നവരെന്ന് പറയപ്പെടുന്നവരാണിവർ. സനാതനധർമം ശരിക്ക് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? ഇതൊക്കെയാണ് സനാതനധർമം നമ്മെ പഠിപ്പിക്കുന്നത്? സനാതനധർമം പഠിപ്പിക്കുന്നത് വസുദൈവ കുടുംബകം എന്ന ആശയത്തെയാണ്. വസുദൈവ കുടുംബകം എന്ന ആശയത്തെയാണ് രാജ്യത്ത് വിശ്വസിക്കപ്പെടുന്നതും. ബി.ജെ.പിക്ക് ഇതിനെ പറ്റിയുള്ള ധാരണ പലപ്പോഴും കുറവാണെന്നാണ് തോന്നുന്നത്. പൊതുയിടങ്ങളിൽ അവർ മുസ്ലിം പള്ളികളേയും മുസ്ലിം മതസ്ഥരേയും ബഹുമാനിക്കുന്നവരാണ്. പുറത്തുപോയാൽ മുസ്ലിം സഹോദരങ്ങളെ അവർ കെട്ടിപ്പിടിക്കുന്നു, പക്ഷേ ഇവിടെ അവർ അതേ മുസ്ലിം സഹോദരങ്ങളെ തല്ലിക്കൊല്ലുന്നു. ജയ് ശ്രീറാം എന്ന പേരിൽ ബി.ജെ.പി യുവജനങ്ങളെ മുസ്ലിങ്ങളെ കൊല്ലാൻ പ്രേരിപ്പിക്കുകയാണ്. ജയ്ശ്രീറാം എന്ന വാക്കിനെ ബി.ജെ.പി ഏറ്റവും മോശമായാണ് ഉപയോഗിക്കുന്നത്" - മുഫ്തി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.