‘ഇവിടെ ഞങ്ങൾ ഒരുമിച്ചുണ്ടുറങ്ങി, നാട്ടിൽ ഒത്തുപോവുമെന്ന് തോന്നുന്നില്ല’; പൊലീസ് പരിശീലന ക്യാമ്പിനൊടുവിൽ വിഭജന ഭീതി പങ്കുവെച്ച് മെയ്തി,കുക്കി യുവാക്കൾ
text_fieldsഗുവാഹത്തി: പൊലീസ് റിക്രൂട്ട്‌മെന്റിനുശേഷം 44 ആഴ്ചയിലേറെയായി അസമിലെ പൊലീസ് അക്കാദമിയിൽ ഒരേ ബാരക്കുകളിൽ പരിശീലനത്തിലായിരുന്നു 2,000ത്തോളം വരുന്ന കുക്കികളും മെയ്തേയികളുമായ മണിപ്പൂരികൾ. അവരവിടെ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും പരിശീലിപ്പിക്കപ്പെടുകയും ചെയ്തു. തിങ്കളാഴ്ച നടന്ന പാസിങ് ഔട്ട് പരേഡിലും ഐക്യത്തോടെ പങ്കെടുത്തു. എന്നാൽ, രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം മൂലം മാതൃദേശത്ത് ഒരുമിച്ച് നിൽക്കാനാവില്ലെന്ന സൂചന നൽകുന്നതായിരുന്നു അവരുടെ വാക്കുകൾ.
മണിപ്പൂരിൽ തിരിച്ചെത്തിയതിനുശേഷം ഒരുമിച്ച് പ്രവർത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാങ്‌പോപിയിൽ നിന്നുള്ള കുക്കി സോ യുവാവും ഇംഫാൽ ഈസ്റ്റിൽ നിന്നുള്ള മെയ്തേയ് യുവാവും ഒരേ ഉത്തരമാണ് നൽകിയത്. പ്രതികൂല സാഹചര്യം കാരണം തങ്ങൾ വേർപിരിഞ്ഞേക്കാമെന്ന ഭയത്താൽ ഇരുവരും നിഷേധാത്മകമായി തലയാട്ടി. എങ്കിൽകൂടിയും, അച്ചടക്കമുള്ള പൊലീസുകാരെന്ന നിലയിൽ തങ്ങളുടെ ഉന്നതർ തീരുമാനിക്കുന്നതെന്തും ‘അനുസരിക്കേണ്ടതുണ്ടെ’ന്ന കാര്യവും അവർ സമ്മതിച്ചു.
ഞങ്ങൾ ഇവിടെ അക്കാദമിയിൽ സഹോദരങ്ങളെപ്പോലെയാണ് ജീവിച്ചത്. പക്ഷേ നാട്ടിലെ സ്ഥിതി വ്യത്യസ്തമാണ്. ഒരുമിച്ച് പ്രവർത്തിക്കാനാവില്ലെന്ന് തോന്നുന്നു; ഞങ്ങൾ വേർപിരിക്കപ്പെടും -കുക്കി യുവാവ് പറഞ്ഞു. മെയ്തേയിയായ ബാച്ച്മേറ്റും അത് സമ്മതിച്ചു.
തങ്ങളവരെ ഒരുമിച്ച് നിർത്തുമെന്നും അവരെ വേർപെടുത്തുകയോ ടീമിനെ പിളർത്തുകയോ ചെയ്യില്ലെന്നുമായിരുന്നു ഡെർഗാവിലുള്ള ലചിത് ബോർഫുകനിൽ നടന്ന പാസിങ് ഔട്ട് പരിപാടിയിൽ പങ്കെടുത്ത മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ വാക്കുകൾ. ‘നിലവിലുള്ള സാഹചര്യംമൂലം സമുദായങ്ങൾ തമ്മിൽ വിഭജനത്തിലാണ്. ഇത് മുമ്പ് ഉണ്ടായിരുന്നില്ല. ഇനിയും അത് സംഭവിക്കാൻ അനുവദിക്കില്ല. ഇവിടെ താമസിച്ചവരും ഇവിടെ പരിശീലനം നേടിയവരും നാട്ടിലേക്ക് മടങ്ങിവരുമ്പോൾ സമാധാനം കൊണ്ടുവരാൻ ഒന്നിച്ചു നിൽക്കേണ്ടിവരും. ഞങ്ങൾ അതിനവരെ ഒരുമിച്ച് നിർത്തും.’
റിക്രൂട്ട് ചെയ്തവരെ പരിശീലിപ്പിക്കാൻ സഹായിച്ചതിന് അസം സർക്കാറിനും കേന്ദ്രത്തിനും നന്ദി അറിയിച്ച മുഖ്യമന്ത്രി മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ കുറച്ച് സമയമെടുക്കുമെന്ന് പറഞ്ഞു. മണിപ്പൂർ സംഘർഷം 20ാം മാസത്തിലേക്ക് കടക്കുമ്പോൾ 261 പേരെങ്കിലും കൊല്ലപ്പെടുകയും 60,000ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കപ്പെടുകയും ചെയ്തു.
1,946 റിക്രൂട്ട്‌മെന്റുകൾക്കിടയിൽ കമ്യൂണിറ്റി തിരിച്ചുള്ള വിവരണം പൊലീസ് പ്രസ്താവനയായി നൽകി. 62 ശതമാനം മെയ്തികൾ, 12 ശതമാനം കുക്കികൾ, ബാക്കി 26 ശതമാനം നാഗയിൽ നിന്നോ മറ്റ് ഗോത്രങ്ങളിൽ നിന്നോ ഉള്ളവർ എന്നിങ്ങനെയാണത്. മണിപ്പൂരിലെ ക്രമസമാധാന വെല്ലുവിളികളും ഉയർന്ന അപകടസാധ്യതയുള്ള അന്തരീക്ഷവും പുതിയ കോൺസ്റ്റബിൾമാരുടെ പരിശീലനാനന്തര വിന്യാസത്തിനുള്ള സാധ്യതയും അക്കാദമി റിക്രൂട്ട്‌മെന്റിൽ പ്രതിഫലിച്ചതായും പ്രസ്താവനയിൽ പറഞ്ഞു.
അതിനാൽ ദീർഘദൂര സ്പീഡ് മാർച്ചുകൾ, ഫയറിങ് പ്രാവീണ്യം, തന്ത്രപരമായ പരിശീലനം, തീവ്രമായ നിരായുധ പോരാട്ട പരിശീലനം എന്നിവ ഉൾപ്പെടെയുള്ള പരിശീലനത്തിന് കൂടുതൽ ഊന്നൽ നൽകി. മാനസിക ദൃഢതയും യോജിപ്പും വളർത്തുന്നതിന് ദേശീയ ഉദ്ഗ്രഥന പരിശീലനം, റൈഫിൾമാൻമാർക്കിടയിൽ ഐക്യം വർധിപ്പിക്കൽ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയെന്നും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.