ഞങ്ങൾക്കിത് ‘സ്റ്റാലിൻഗ്രാഡ് യുദ്ധം’ ആയിരുന്നു, പൊരുതി ജയിച്ചു -ശ്രീവത്സ
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വന്തമാക്കിയ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സ. രണ്ടാം ലോകമഹായുദ്ധ വേളയിൽ നടന്ന സ്റ്റാലിൻഗ്രാഡ് യുദ്ധതേതാടാണ് കർണാടകയിലെ തെരഞ്ഞെടുപ്പിനെ അദ്ദേഹം ഉപമിച്ചത്.
‘ഞങ്ങൾ കർണാടക കോൺഗ്രസുകാർക്ക് ‘സ്റ്റാലിൻഗ്രാഡ് യുദ്ധം’ ആയിരുന്നു. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ പ്രചാരണത്തെ തോൽപ്പിക്കാൻ ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെച്ചു. ഞങ്ങൾ പൊരുതി വിജയിച്ചു. ജയ് കോൺഗ്രസ്, ജയ് കർണാടക, ജോഡോ ജോഡോ, ഭാരത് ജോഡോ’ -ശ്രീവത്സ ട്വീറ്റ് ചെയ്തു.
രണ്ടാം ലോക മഹായുദ്ധ സമയത്ത് റഷ്യയിലെ സ്റ്റാലിൻഗ്രാഡ് നഗരത്തിൽ സോവിയറ്റ് സൈന്യം നടത്തിയ വിജയകരമായ പ്രതിരോധമാണ് സ്റ്റാലിൻഗ്രാഡ് യുദ്ധം എന്നറിയപ്പെടുന്നത്. ഇതുമായാണ് ശ്രീവത്സ തെരഞ്ഞെടുപ്പ് വിജയത്തെ താരതമ്യം ചെയ്തത്.
കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകൾ ആവശ്യമുള്ള കർണാടകയിൽ നില്വിലുള്ള ഫലം അനുസരിച്ച് 135 സീറ്റിലാണ് കോൺഗ്രസ് വിജയം ഉറപ്പിച്ചത്. കൊട്ടിഘോഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബി.ജെ.പി 64 സീറ്റിലേക്ക് ഒതുങ്ങി പരാജയത്തിന്റെ രുചിയറിഞ്ഞു. ബി.ജെ.പിയും കോൺഗ്രസും ബലാബലം വന്നാൽ കിങ് മേക്കറായേക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ജെ.ഡി.എസ് 21 സീറ്റിലൊതുങ്ങി. ആറിടത്ത് മറ്റുള്ളവരാണ് മുന്നിൽ. പൂർണഫലം പുറത്തുവന്നാൽ നേരിയ മാറ്റങ്ങൾ ഉണ്ടായേക്കാം.
കർണാടകയിലെ 224 മണ്ഡലങ്ങളിലേക്ക് ഒറ്റത്തവണയായി ബുധനാഴ്ചയായിരുന്നു പോളിങ്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിത്- 73.19 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.