'ഞങ്ങൾ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്, ഫലം കാത്തിരുന്ന് കാണാം'; യു.പി എക്സിറ്റ് പോളിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
text_fieldsലഖ്നോ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്‍റെ എകസിറ്റ് പോൾ ഫലം വന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. തെരഞ്ഞെടുപ്പിൽ ഞങ്ങൾ കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും ഫലം കാത്തിരുന്ന് കാണാമെന്നും അവർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ അവസാനഘട്ട വോട്ടെടുപ്പ് നടന്ന തിങ്കളാഴ്ചയാണ് എക്സിറ്റ് പോൾ ഫലം പ്രസിദ്ധീകരിച്ചത്.
ഉത്തർപ്രദേശിൽ ബി.ജെ.പി ഭൂരിപക്ഷം നിലനിർത്തുമെന്നും സമാജ്‌വാദി പാർട്ടി രണ്ടാം സ്ഥാനത്തെത്തുമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. കോൺഗ്രസിന് വളരെ കുറഞ്ഞ സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളുവെന്നും എക്‌സിറ്റ് പോൾ പറയുന്നുണ്ട്.
വനിതാ സ്ഥാനാർഥികൾക്ക് മുന്‍ഗണന നൽകി 'ലഡ്കി ഹൂം, ലഡ് ശക്തി ഹൂം' (ഞാൻ ഒരു പെൺകുട്ടിയാണ്, എനിക്ക് പോരാടാനുള്ള ശക്തിയുണ്ട്) എന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിനിങ്ങാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് നടത്തിയത്. ആകെയുള്ള 403 സീറ്റുകളിൽ 159 സീറ്റുകളിലും വനിതാ സ്ഥാനാർഥികളെ കോൺഗ്രസ് മത്സരിപ്പിച്ചിരുന്നു.
അതേസമയം അന്താരാഷ്ട്ര വനിതാ ദിനത്തിൽ പാർട്ടി നേതാക്കളെയും മുഴുവന്‍ വനിതാസ്ഥാനാർഥികളെയും ഉൾപ്പെടുത്തി കോൺഗ്രസ് ലഖ്‌നോവിൽ മാർച്ച് നടത്തി. ഈ മാർച്ച് ഞങ്ങളുടെ 159 വനിതാ സ്ഥാനാർഥികളെ ആഘോഷിക്കുന്നതിനാണെന്നും അവരെല്ലാം വലിയൊരു പോരാട്ടത്തിലാണ് പങ്കുചേർന്നതെന്നും പ്രിയങ്കാഗാന്ധി അഭിപ്രായപ്പെട്ടു.
മാർച്ച് പത്തിനാണ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും ഫല പ്രഖ്യാപനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.