'പൂർവികരുടെ കാലം മുതൽ ഞങ്ങളിവിടെ കൃഷിക്കാരാണ്, സ്വന്തം മണ്ണിൽനിന്ന് ആട്ടിയിറക്കരുത്' ബംഗാരം ദ്വീപിൽ കണ്ണീർക്കാഴ്ചകൾ
text_fieldsകൊച്ചി: വിനോദസഞ്ചാര വികസനത്തിന് കുടിയിറക്കൽ നടപടികൾ പുരോഗമിക്കുമ്പോൾ ബംഗാരം ദ്വീപിൽ കർഷകർ നിസ്സഹായരാകുകയാണ്.
സ്വന്തം ഭൂമിയെന്ന് അവകാശപ്പെടാൻ തെളിവുകളുണ്ടായിട്ടും അവർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുകയാണ് അധികൃതർ. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ തെൻറ അജണ്ടകൾ ഏറ്റവും ആദ്യം നടപ്പാക്കാൻ കണ്ടെത്തിയ പ്രദേശമാണ് ബംഗാരം ദ്വീപ്. പതിറ്റാണ്ടുകളായി നാളികേര കൃഷി ചെയ്യുന്നവരാണ് ഇവിടുത്തെ കർഷകർ. ദ്വീപ് ടൂറിസം വികസനമെന്ന പേരിൽ പൂർണമായി കുത്തകകൾക്ക് വിട്ടുനൽകാനാണ് അഡ്മിനിസ്ട്രേഷെൻറ നീക്കം.
ഇവിടുത്തെ തെങ്ങുകൾ വെട്ടിമാറ്റാനും നടപടികൾ പുരോഗമിക്കുന്നു. നാളികേരം സൂക്ഷിക്കുന്ന ഷെഡുകൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിന് കർഷകർ അവകാശം വ്യക്തമാക്കുന്ന മറുപടി നൽകി. എന്നാൽ, ഷെഡ് പൊളിച്ചുമാറ്റിയില്ലെങ്കിൽ ബലം പ്രയോഗിച്ച് തങ്ങൾ തകർത്തുകളയുമെന്ന ഭീഷണിയാണ് ഇപ്പോൾ കർഷകർക്ക് അഡ്മിനിസ്ട്രേഷൻ നൽകിയിരിക്കുന്നത്. പൂർവികരുടെ കാലം മുതൽ തങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ടെന്നും ആട്ടിയിറക്കാനാകില്ലെന്നുമാണ് കർഷകർ ഭരണകൂടത്തിന് മറുപടി നൽകിയത്.
''ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കാലം മുതൽ ഞങ്ങളുടെ മുൻതലമുറ ബംഗാരം ദ്വീപിൽ കൃഷി ചെയ്യുന്നുണ്ട്. കഠിനാധ്വാനികളായ അവർ ഒരു നിമിഷം പോലും വിശ്രമിക്കാതെ നട്ടുനനച്ചുണ്ടാക്കിയതാണ് ഈ ഭൂമിയിലെ വിഭവങ്ങൾ. 1955 കാലഘട്ടത്തിൽ നാളികേരം സൂക്ഷിക്കാനും മറ്റും ഉണ്ടാക്കിയ ഓലപ്പുരകളാണ് ഇന്നും ഇവിടെയുള്ളത്'-' കർഷകനായ അഗത്തി സ്വദേശി മുഹമ്മദ് പറയുന്നു.
തെങ്ങ് വെട്ടിമാറ്റാനും നടപടികൾ തുടങ്ങിയിട്ടുണ്ട്. കൃഷി ആവശ്യത്തിനുള്ള ഭൂമിയിൽ നിർമാണം നടത്തിയെന്ന അഡ്മിനിസ്ട്രേറ്ററുടെ വാദം തെറ്റാണെന്ന് അഗത്തി മുൻ പഞ്ചായത്ത് അധ്യക്ഷൻ മുഹമ്മദ് നസീർ 'മാധ്യമ'ത്തോട് പറഞ്ഞു.
കാർഷിക ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്ന ഓലപ്പുരകളാണ് അവിടെയുള്ളത്. ഇത്രകാലമായിട്ടും അവിടെയാരും മണിമാളികകൾ ഉയർത്തിയിട്ടില്ല. കർഷകർക്ക് അവകാശപ്പെട്ട ഭൂമിയാണിതെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും കൈവശമുണ്ട്. ബംഗാരം ദ്വീപിലെ ടൂറിസ്റ്റ് റിസോർട്ടുകൾ ഇപ്പോഴും കർഷകർക്ക് ഈ ഭൂമിയിൽ വാടക നൽകുന്നുമുണ്ടെന്നും ബംഗാരത്തെ കർഷകൻകൂടിയായ അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.