‘ഇതൊക്കെ ഏത് പാർട്ടികളാണ്, കേട്ടിട്ട് പോലുമില്ലല്ലോ?’; എൻ.ഡി.എ യോഗത്തെ പരിഹസിച്ച് ഖാർഗെ, മറുപടിയുമായി പ്രധാനമന്ത്രി
text_fieldsബംഗളൂരുവിൽ 26 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിന് മറുപടിയായി ഡൽഹിയിൽ 39 പാർട്ടികളുടെ യോഗം സംഘടിപ്പിച്ച എൻ.ഡി.എ സഖ്യത്തെ പരിഹസിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പല പാർട്ടികളെയും കുറിച്ച് ഞങ്ങൾ ഇതുവരെ കേട്ടിട്ടുപോലുമില്ല’ എന്നായിരുന്നു ഖാർഗെ എൻ.ഡി.എ യോഗത്തിലെ പങ്കാളിത്തത്തെ പരിഹസിച്ചത്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തെ തോൽപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷികൾ ബംഗളൂരുവിൽ രണ്ടുദിവസത്തെ യോഗം ചേരുകയും കൂട്ടായ്മക്ക് ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ് (ഇന്ത്യ) എന്ന പേര് നൽകുകയും ചെയ്തിരുന്നു. യോഗത്തിന് ശേഷമായിരുന്നു ഖാർഗെയുടെ പ്രതികരണം.
ഇതിന് മറുപടിയുമായി എൻ.ഡി.എ യോഗത്തിൽ പ്രധാനമന്ത്രി തന്നെ രംഗത്തുവരുകയായിരുന്നു. ‘എൻ.ഡി.എയിൽ ചെറിയ പാർട്ടിയെന്നോ വലിയ പാർട്ടിയെന്നോ ഇല്ല. എൻ.ഡി.എ നിർബന്ധത്തിന്റെ സഖ്യമല്ല, സംഭാവനയുടെ സഖ്യമാണ്. 2014ലെയും 2019ലെയും ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാൽ, സർക്കാർ രൂപവത്കരിച്ചത് എൻ.ഡി.എ എന്ന നിലയിലായിരുന്നു’, 39 പാർട്ടികളുടെ യോഗത്തിൽ മോദി പറഞ്ഞു. എൻ.ഡി.എ തുടർച്ചയായ മൂന്നാം തവണയും 50 ശതമാനത്തിലധികം വോട്ട് നേടി അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു ചടങ്ങിലും പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തിനെതിരെ രംഗത്തുവന്നിരുന്നു. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം കുടുംബം ആദ്യം രാജ്യം ഒന്നുമല്ല എന്നതാണെന്നും വ്യക്തിപരമായ നേട്ടങ്ങളിൽ മാത്രമാണ് അവർക്ക് താൽപര്യമെന്നും അദ്ദേഹം ആരോപിച്ചു. കടുത്ത അഴിമതിക്കാരാണ് യോഗം ചേരുന്നതെന്നും അഴിമതി പ്രതിരോധിക്കാനാണ് പ്രതിപക്ഷം ഒന്നിച്ചതെന്നും അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
ബംഗളൂരുവിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്ന 26 പ്രതിപക്ഷ പാർട്ടികളുടെ യോഗമാണ് പ്രധാനമന്ത്രിയെ പ്രകോപിപ്പിച്ചത്. മുമ്പ് ഞങ്ങൾ യു.പി.എ (ദേശീയ പുരോഗമന സഖ്യം) എന്ന പേരിൽ പ്രവർത്തിച്ചു. ഇപ്പോൾ 26 പാർട്ടികൾ ബി.ജെ.പിക്കെതിരെ പുതിയ സഖ്യമുണ്ടാക്കിയെന്നും ‘ഇന്ത്യ’ എന്ന പുതിയ പേരാണ് ഇതിന് നൽകിയിരിക്കുന്നതെന്നും യോഗശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുതിയ സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയിൽ ചേരും. 11 അംഗ കോഓഡിനേഷൻ കമ്മിറ്റിയെ മുംബൈ യോഗത്തിൽ തെരഞ്ഞെടുക്കും. പുതിയ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിപ്പിക്കാൻ ന്യൂഡൽഹിയിൽ പ്രത്യേക കേന്ദ്രം രൂപവത്കരിക്കുമെന്നും ഖാർഗെ പറഞ്ഞു.
ഏഴ് മുഖ്യമന്ത്രിമാരടക്കം 26 പാർട്ടികളുടെ നേതാക്കളാണ് രണ്ടുദിന യോഗത്തിൽ പങ്കെടുത്തത്. ബംഗാൾ, തമിഴ്നാട്, ഡൽഹി, പഞ്ചാബ്, ബിഹാർ, ഝാർഖണ്ഡ്, കർണാടക മുഖ്യമന്ത്രിമാരായ മമത ബാനർജി, എം.കെ. സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ, ഭഗവന്ദ് മൻ, നിതീഷ് കുമാർ, ഹേമന്ദ് സോറൻ, സിദ്ധരാമയ്യ എന്നിവർ പങ്കെടുത്തു. വിവിധ പാർട്ടികളുടെ 50ലധികം നേതാക്കളും പങ്കെടുത്തു. സോണിയ ഗാന്ധി, രാഹുൽഗാന്ധി -കോൺഗ്രസ്, ശരത് പവാർ -എൻ.സി.പി, ശിവസേനയുടെ ഉദ്ദവ് താക്കറെ, സി.പി.എമ്മിന്റെ സീതാറാം യെച്ചൂരി, നാഷനൽ കോൺഫറൻസിന്റെ ഉമർ അബ്ദുല്ല തുടങ്ങിയവരടക്കമാണിവർ. ജൂൺ 23ന് പട്നയിലാണ് പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം ചേർന്നത്. രണ്ടാമത് പരിപാടിയാണ് ബംഗളൂരുവിൽ ചൊവ്വാഴ്ച സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.