പുതിയ പാർലമെന്‍റ് മന്ദിരത്തിൽ പരസ്പരം കാണാൻ ബൈനോക്കുലർ വേണം; പരിഹാസവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിനെ മോദിയുടെ മൾട്ടിപ്ലെക്സ് കോംപ്ലക്സ് എന്ന് വിശേഷിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ജയ്റാം രമേശ്. ഇരു പാർലമെന്‍റ് മന്ദിരങ്ങളിലുമായി സല്ലാപങ്ങളുടേയും സംഭാഷണങ്ങളുടേയും മരണം താൻ കണ്ടുകഴിഞ്ഞെന്നും പ്രധാനമന്ത്രി ഈ കാര്യത്തിൽ വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"വാസ്തുവിദ്യക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താൻ സാധിക്കുന്നുണ്ടെങ്കിൽ ഭരണഘടനയെ തിരുത്തിയെഴുതാതെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിച്ചിരിക്കുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാർലമെന്‍റ് മന്ദിരത്തിനകത്ത് പരസ്പരം കാണണമെങ്കിൽ ബൈനോക്കുലർ വേണമെന്നും മന്ദിരം ഒതുക്കമുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പഴയ പാർലമെന്‍റ് മന്ദിരത്തിൽ വെച്ച് നിങ്ങൾ എവിടെയെങ്കിലും പെട്ടുപോയാലും വഴികണ്ടെത്തി തിരിച്ചുവരാൻ കഴിയുമായിരുന്നു കാരണം പഴയ പാർലമെന്‍റ് മന്ദിരം വൃത്താകൃതിയിലായിരുന്നു. എന്നാൽ ഇതേ കാര്യം പുതിയ പാർലമെന്‍റിലാണെങ്കിൽ പെട്ടുപോയത് തന്നെയാണ്, അതൊരു ദുർഘടം പിടിച്ച വഴിയാണ്. പഴയ മന്ദിരത്തിന് കുറച്ചുകൂടി വിശാലതയും സമാധാനത്തിൽ ശ്വസിക്കാനുള്ള ഇടവും ഉണ്ടായിരുന്നു. എന്നാൽ പുതിയത് വളരെ ഇടുങ്ങിയതാണ്" - അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാർലനമെന്‍റ് മന്ദിരം വേദനിപ്പിക്കുന്നതാണെന്നും ജയ്റാം രമേശ് പറഞ്ഞു.
എല്ലാവർക്കും പുതിയ മന്ദിരത്തെ കുറിച്ച് സമാന കാഴ്ചപ്പാടാണ്. പല വിഭാഗങ്ങളുടെയും പ്രവർത്തനത്തെ പ്രയാസത്തിലാക്കുന്ന വിധമാണ് പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്. പാർലമെന്‍റിൽ പ്രവർത്തിക്കുന്നവരുടെ ആശയങ്ങളോ അഭിപ്രായങ്ങളോ പരിഗണിക്കാതെ നിർമിച്ചതിന്‍റെ അനന്തരഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസിന്‍റെ ഏറ്റവും വികൃതമായ മനോഭാവത്തെയാണ് ഈ പരാമർശത്തിലൂടെ വ്യക്തമാകുന്നത് എന്നായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ പരാമർശം. 140കോടി ജനങ്ങളെ അവഹേളിക്കുന്നതാണ് ജയ്റാം രമേശിന്‍റെ പരാമർശമെന്നും നദ്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.