വനിതാ സംവരണം 50 ശതമാനമായി ഉയർത്തണമെന്ന് പാർലമെന്‍റിൽ വനിതാ എം.പിമാർ
text_fieldsന്യൂഡൽഹി: ലോക വനിതാ ദിനത്തിൽ 50 ശതമാനം പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉന്നയിച്ച് പാർലമെന്‍റ് ഉപരിസഭയായ രാജ്യസഭയിൽ വനിതാ എം.പിമാർ. രാജ്യസഭയുടെ ശൂന്യവേളയിലാണ് വനിതാ പ്രാതിനിധ്യം നടപ്പാക്കണമെന്ന് വനിതാ എം.പിമാർ ശക്തമായി ആവശ്യപ്പെട്ടത്.
ശിവസേന എം.പി പ്രിയങ്ക ചതുർവേദി, എൻ.സി.പി എം.പി ഡോ. ഫൗസിയ ഖാൻ, ബി.ജെ.പി എം.പിയും ക്ലാസിക്കൽ ഡാൻസറുമായ സോനാൽ മാൻസിങ് എന്നീ വനിതാ എം.പിമാരാണ് ഇക്കാര്യം ശക്തമായി ഉന്നയിച്ചത്.
24 വർഷം മുമ്പ് പാർലമെന്‍റിൽ വനിതകൾക്ക് 33 ശതമാനം സംവരണം വേണമെന്ന ആവശ്യം ഞങ്ങൾ മുന്നോട്ടുവെച്ചു. പാർലമെന്‍റിലും നിയമസഭയിലും വനിതാ സംവരണം 50 ശതമാനമായി ഉയർത്തണമെന്നാണ് 24 വർഷത്തിനു ശേഷം വനിതാ ദിനത്തിൽ ആവശ്യപ്പെടുന്നതെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി ചൂണ്ടിക്കാട്ടി.
ആറു ശതമാനത്തിൽ കൂടുതൽ സ്ത്രീകൾക്ക് നേതൃപദവികൾ ലഭിച്ചിട്ടില്ലെന്ന് പല ഓഡിറ്റുകളും ചൂണിക്കാട്ടുന്നുണ്ട്. നമ്മൾ ഇതേകുറിച്ച് ചിന്തിക്കണം. ലോക്സഭയിലെയും രാജ്യസഭയിലെയും നിയമനിർമാണം നടത്തിക്കൊണ്ട് 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിന് നമുക്ക് തുടക്കം കുറിക്കാൻ കഴിയും -എൻ.സി.പി എം.പി ഡോ. ഫൗസിയ ഖാൻ വ്യക്തമാക്കി.
അന്താരാഷ്ട്ര വനിതാ ദിനം പോലെ അന്താരാഷ്ട്ര പുരുഷദിനവും ആചരിക്കണമെന്ന് ബി.ജെ.പി എം.പിയും ക്ലാസിക്കൽ ഡാൻസറുമായ സോനാൽ മാൻസിങ് ചൂണ്ടിക്കാട്ടി.
അതേസമയം, വനിതകളുടെ നേട്ടങ്ങൾക്ക് അടിവരയിടുന്ന നിഷ്കളങ്കമായ മനോഭാവത്തെയും ദൃഢ നിശ്ചയത്തെയും പരിശ്രമത്തെയും ബഹുമാനിക്കണമെന്ന് രാജ്യസഭ ചെയർമാൻ എം. വെങ്കയ്യനായിഡു വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കുന്ന ദിവസമാണ് വനിതാ ദിനമെന്നും നായിഡു ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.