'നിങ്ങളൊറ്റക്കല്ല, ഞങ്ങൾ കൂടെയുണ്ട്'-സേവ്യേഴ്സ് യൂനിവേഴ്സിറ്റി പുറത്താക്കിയ പ്രഫസർക്ക് പിന്തുണയുമായി വിദ്യാർഥികൾ
text_fieldsകൊൽക്കത്ത: ഇൻസ്റ്റഗ്രാമിൽ സ്വിം സ്യൂട്ട് ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ സെന്റ് സേവ്യേഴ്സ് യൂനിവേഴ്സിറ്റി പുറത്താക്കിയ അസി. പ്രഫസർക്ക് പിന്തുണയുമായി വിദ്യാർഥികൾ. യൂനിവേഴ്സിറ്റി അങ്കണത്തിൽ കറുത്ത വസ്ത്രം ധരിച്ചാണ് വെള്ളിയാഴ്ച വിദ്യാർഥികൾ അധ്യാപികയെ പിരിച്ചു വിട്ട നടപടിയിൽ പ്രതിഷേധിച്ചത്.
യൂനിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് കാംപസിൽ ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്. പ്രഫസർക്കെതിരെ ഒരു വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിലാണ് സർവകലാശാലയുടെ നടപടി. എന്നാൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫോട്ടോ പോസ്റ്റ് ചെയ്തത് ഒരാളുടെ സ്വകാര്യതയാണെന്നും സർവകലാശാലയുടെ നടപടി ഉചിതമായില്ലെന്നും ആരോപണമുയർന്നിരുന്നു.
പ്രതിഷേധം നടത്തിയ വിദ്യാർഥികൾ പ്രഫസർക്ക് ഐക്യദാർഢ്യവുമായി സന്ദേശം അയക്കുകയും ചെയ്തു. ഞങ്ങളിവിടെ ഒന്നിച്ചു ചേർന്ന് പ്രതിഷേധിക്കുകയാണ്. മറ്റുള്ള ബാച്ചിലെ വിദ്യാർഥികളും ഞങ്ങൾക്കൊപ്പം ചേർന്നിട്ടുണ്ട്. ഇത്തരം അനീതിക്കെതിരെ പ്രതികരിക്കുന്ന ഞങ്ങൾക്ക് രക്ഷിതാക്കളുടെ പൂർണ പിന്തുണയുമുണ്ട്. നിങ്ങൾ ഒറ്റക്കല്ല...ഞങ്ങൾ ഒപ്പമുണ്ട് എന്നായിരുന്നു വിദ്യാർഥികളുടെ സന്ദേശം'. ഇക്കഴിഞ്ഞ ആഗസ്റ്റ് 10ന് കൊൽക്കത്തയിലെ വിവിധ യൂനിവേഴ്സിററികളിൽ നിന്നും കോളജുകളിൽ നിന്നുമുള്ള വിദ്യാർഥികൾ അധ്യാപികക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വിഷയം ശ്രദ്ധയിൽ പെടുത്തി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിന് അയച്ച ഓൺലൈൻ ഹരജിയിൽ 13,000 പേരാണ് ഒപ്പുവെച്ചത്. അധ്യാപികയെ പിരിച്ചുവിട്ടതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ പ്രമുഖ വ്യക്തികൾ അധ്യാപികയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്സിറ്റി അധികൃതർക്ക് കത്തയക്കാനും തീരുമാനിച്ചിട്ടുണ്ട്.
സെന്റ് സേവ്യേഴ്സ് കോളജിലെ അധ്യാപികയുടെ സിം സ്യൂട്ട് പടം ബിരുദ വിദ്യാർഥിയായ മകൻ ഇൻസ്റ്റഗ്രാമിൽ കണ്ടത് ധാർമികതക്ക് നിരക്കാത്തതാണെന്ന് ആരോപിച്ച് പിതാവാണ് കോളജ് അധികൃതർക്ക് പരാതി നൽകിയത്. പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നത് വിവിധം ഇത്തരത്തിലുള്ള ചിത്രം എന്തിനാണ് പ്രഫസർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതെന്നും പരാതിക്കാരൻ ഉന്നയിച്ചു. പ്രഫസർ രാജിവെക്കണമെന്നാവശ്യപ്പെട്ട അധികൃതർ കോളജിന് ചീത്തപ്പേരുണ്ടാക്കിയതിന് 99 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.