എൻ.ആർ.സി ലിസ്റ്റിൽ അനധികൃത കുടിയേറ്റക്കാരും; അസം സർക്കാർ സുപ്രീംകോടതിയിലേക്ക്
text_fieldsഗുവാഹത്തി: 2019 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസൺ ലിസ്റ്റിനെതിരെ അസം സർക്കാർ സുപ്രീംകോടതിയിലേക്ക്. കൃഷിമന്ത്രി അതുൽ ബോറയാണ് ഇക്കാര്യം അറിയിച്ചത്. ആൾ അസം സ്റ്റുഡന്റ്സ് യൂനിയനുമായി നടത്തിയ ചർച്ചക്കൊടുവിലാണ് അസം സർക്കാറിന്റെ നീക്കമെന്നും ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
എൻ.ആർ.സി അംഗീകരിക്കാനാവില്ല. അതിനാൽ പുനഃപരിശോധനക്കായി സുപ്രീംകോടതിയെ സമീപിക്കും. വ്യാഴാഴ്ച ഇതുസംബന്ധിച്ച് എ.എ.എസ്.യു നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അതുൽബോറ വ്യക്തമാക്കി. അതേസമയം, എൻ.ആർ.സി പട്ടികയിൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി എ.എ.എസ്.യു ഉപദേഷ്ടാവ് സമുജാൽ ഭട്ടാചാര്യ രംഗത്തെത്തി.
ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളോടും ഇക്കാര്യത്തിൽ ഹരജി സമർപ്പിക്കാൻ അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എൻ.ആർ.സി സംസ്ഥാന കോഡിനേറ്റർ ഹിതേഷ് ദേവ് ശർമ്മ ഗുവാഹത്തി ഹൈകോടതി മുമ്പാകെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 2019 ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച ലിസ്റ്റ് സപ്ലിമെന്ററി ലിസ്റ്റാണെന്നും 4795 അർഹരല്ലാത്തവർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു സത്യവാങ്മൂലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.