ഭാരത് ജോഡോ, ന്യായ് യാത്രകൾ നടത്താൻ നിർബന്ധിതമാവുകയായിരുന്നു -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ജനാധിപത്യ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതിനാൽ ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും നടത്താൻ തങ്ങൾ നിർബന്ധിതരാവുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ രണ്ട് യാത്രകൾ മാത്രമായിരുന്നു ജനങ്ങളുമായി ബന്ധപ്പെടാനുണ്ടായിരുന്ന ഏക പോംവഴിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വാഷിങ്ടണിൽ നാഷണൽ പ്രസ് ക്ലബിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ പരാമർശം.
ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിശബ്ദമായി. തുടർന്നാണ് ഭാരത് ജോഡോ യാത്ര ഏറ്റെടുക്കാൻ നിർബന്ധിതമായത്. മാധ്യമങ്ങൾ, കോടതികൾ തുടങ്ങിയവയൊന്നും ശരിയായി പ്രവർത്തിച്ചിരുന്നില്ല. ഒടുവിൽ ജനങ്ങളിലേക്ക് നേരിട്ടിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. അതിന് ഫലമുണ്ടാവുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
യൗവനകാലം മുതൽ തന്നെ ഇത്തരമൊരു യാത്ര നടത്താൻ താൻ ആഗ്രഹിച്ചിരുന്നു. ജീവിതത്തിന്റെ ഏതെങ്കിലുമൊരു സമയത്ത് കാൽനടയായി രാജ്യത്തുടനീളം യാത്ര ചെയ്യണമെന്നാണ് താൻ വിചാരിച്ചിരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഒന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇന്ത്യയിലെ രാഷ്ട്രീയം മാറിയത്. ഇതുവരെ കാണാത്ത ഒരു രാഷ്ട്രീയത്തിലേക്കായിരുന്നു അതോടെ രാജ്യം കടന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെ ആക്രമിച്ചായിരുന്നു മോദിയുടെ ഭരണം.
2014ന് മുമ്പായിരുന്നു കന്യാകുമാരി മുതൽ കശ്മീർ വരെ ഒരു യാത്ര നടത്തുന്നതിനെ കുറിച്ച് പറഞ്ഞതെങ്കിൽ ആളുകൾ ചിരിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ അത് മാത്രമായിരുന്നു പ്രതിപക്ഷത്തിന് മുമ്പിലുള്ള ഏകവഴി. സർക്കാറിന്റെ മുഴുവൻ സംവിധാനങ്ങളേയും തകർത്താണ് മോദി സർക്കാർ ഭരണം നടത്തിയിരുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.