പടക്കപ്പലുകൾ റെഡി; ലോകത്ത് എവിടെയുള്ള ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും - നാവികസേന വൈസ് അഡ്മിറൽ
text_fieldsന്യൂഡൽഹി: ‘‘ഞങ്ങളുടെ കപ്പലുകൾ സർവസജ്ജമാണ്. ഉത്തരവ് ലഭിക്കേണ്ട താമസം, ലോകത്ത് എവിടെയുള്ള ഇന്ത്യക്കാരനെയും ഞങ്ങൾ നാട്ടിലെത്തിച്ചിരിക്കും’’ -നാവികസേന വൈസ് ചീഫ് വൈസ് അഡ്മിറൽ ജി. അശോക് കുമാറിെൻറ വാക്കുകളിൽ സേനയുടെ കരുത്തും കരുതലും വ്യക്തം. കോവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാനുള്ള ഓപറേഷൻ സമുദ്ര സേതു പദ്ധതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഏത് രാജ്യത്ത് ചെന്ന് രക്ഷാദൗത്യം നടത്താനും ഞങ്ങൾ തയാറാണ്. ഞങ്ങളുടെ കപ്പലുകൾ സർവസജ്ജം. എപ്പോൾ, എവിടെ നിന്ന് എന്നുള്ള ഉത്തരവ് ലഭിച്ചാൽ മാത്രം മതി; ഇന്ത്യൻ നാവികസേന പദ്ധതി നടപ്പിലാക്കും’ - അശോക് കുമാർ വ്യക്തമാക്കി. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ആളുകളെ അവരവരുടെ ജന്മനാട്ടിലെത്തിക്കാൻ എല്ലാ മുൻകരുതലും സേന കൈക്കൊണ്ടതായും വൈസ് അഡ്മിറൽ പറഞ്ഞു. അദ്ദേഹം ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:
പടക്കപ്പലുകളിൽ മഹാമാരിക്കെതിരെ യുദ്ധ സന്നാഹം
രക്ഷാദൗത്യത്തിനായി ഇന്ത്യൻ മഹാ സമുദ്രത്തിെൻറ വിവിധ ഭാഗങ്ങളിൽ നാവിക സേന കപ്പലുകൾ നങ്കൂരമിട്ട് കാത്തിരിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ യുദ്ധവും പ്രകൃതിക്ഷോഭവും കാരണം വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെയാണ് രക്ഷിച്ചിരുന്നത്. എന്നാൽ, ഇത്തവണ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരുന്ന മഹാമാരിക്കെതിരെയാണ് പട നയിക്കാനിറങ്ങുന്നത്.
ഈ സാഹചര്യത്തിൽ, കപ്പലുകളിലെ ക്രൂവിെൻറയും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും സുരക്ഷ ഉറപ്പാക്കണം. ഇതിനായി നിരവധി മുന്നൊരുക്കം സേന നടപ്പാക്കിയിട്ടുണ്ട്. വിന്യസിക്കുന്നതിന് 14 ദിവസം മുമ്പ് തന്നെ കപ്പിത്താൻ അടക്കമുള്ള ക്രൂ യൂനിറ്റ് എല്ലാ പരിശോധനയും കഴിഞ്ഞ് തുറമുഖത്ത് തയാറെടുക്കും.
കപ്പലുകൾ ഇടക്കിടെ അണുനശീകരണത്തിന് വിേധയമാക്കും. പതിവിൽ കവിഞ്ഞ് കൂടുതൽ മെഡിക്കൽ ഓഫിസർമാരെ നിയമിക്കുകയും സൗകര്യങ്ങൾ വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. പ്രവേശന കവാടത്തിൽ അണുനാശിനി സ്പ്രേ ചെയ്യും. ഉൾഭാഗങ്ങളിൽ അൾട്രാവയലറ്റ് സാനിറ്റൈസേഷനുമുണ്ട്. സാമൂഹിക അകലം കർശനമായി പാലിക്കുന്നു. യാത്രക്കിടെ ആർക്കെങ്കിലും കോവിഡ്ലക്ഷണം ഉണ്ടെങ്കിൽ അവരെ പരിചരിക്കാനുള്ള എല്ലാ സൗകര്യവും ഉണ്ട്. ഇതുവരെ ഒരു കപ്പലിലും ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഓപ്പറേഷൻ ബ്ലോസം, റാഹത്ത്, നിസ്തർ...
കുടിയൊഴിപ്പിക്കലും രക്ഷാദൗത്യവും ഇന്ത്യൻ നാവികസേനയ്ക്ക് പുതുമയുള്ള കാര്യമല്ല. നിരവധി രക്ഷാ പ്രവർത്തനങ്ങളിൽ മുമ്പും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലിബിയയിൽ കുടുങ്ങിയ 15,000ത്തോളം ഇന്ത്യൻ പൗരന്മാരെ മാൾട്ടയിലേക്ക് മാറ്റാൻ 2011ൽ നടത്തിയ ഒാപറേഷൻ ബ്ലോസം, യെമനിൽനിന്ന് 5000 ത്തോളം പേരെ രക്ഷിച്ച 2015ലെ ഓപ്പറേഷൻ റാഹത്ത്, സോകോത്രയിൽ നിന്ന് മത്സ്യത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ നടപ്പാക്കിയ ഓപ്പറേഷൻ നിസ്തർ തുടങ്ങിയവ സമീപകാല ഉദാഹരണം മാത്രം. ഇതിെൻറ ഏറ്റവും പുതിയ അധ്യായമാണ് ഓപ്പറേഷൻ സമുദ്രസേതു.
മാലദ്വീപ് ദൗത്യം വിജയകരം
കോവിഡ് രക്ഷാദൗത്യത്തിെൻറ ഭാഗമായി മൂന്നുകപ്പലുകളാണ് ഇതിനകം പുറപ്പെട്ടത്. ഇതിൽ മാലദ്വീപിൽ പോയ െഎ.എൻ.എസ് ജലാശ്വ ഞായറാഴ്ച കൊച്ചിയിൽ തിരിച്ചെത്തി. വിജയകരമായിരുന്നു ഈ യാത്ര. പുറപ്പെടുന്നതിനുമുമ്പ് തന്നെ ജലാശ്വ ക്രൂ നിർബന്ധിത ക്വാറൻറീനിലായിരുന്നു. നാവികസേനയുടെ രണ്ടാമത്തെ വലിയ കപ്പലായ ഇതിൽ മെഡിക്കൽ സ്റ്റോറുകൾക്ക് പുറമേ 1,000 പേർക്ക് അടിയന്തര രക്ഷാകിറ്റുകളും കോവിഡ് പരിരക്ഷണ സാമഗ്രികളും സംഭരിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക താമസ സൗകര്യം ഒരുക്കി. യാത്ര ആരംഭിക്കുമ്പോൾ തന്നെ യാത്രക്കാരെയും ബാഗേജും അണുവിമുക്തമാക്കി. ദൈനംദിന മെഡിക്കൽ സ്ക്രീനിംഗ്, സാമൂഹിക അകലം പാലിക്കൽ എന്നിവയ്ക്കായി പ്രോട്ടോക്കോളുകൾ ആവിഷ്കരിച്ചു. യാത്രക്കാർക്കായി വിനോദപരിപാടികൾ, പതിവ് മെഡിക്കൽ പരിശോധനകൾ, നിശ്ചിത സമയങ്ങളിൽ ഫ്ലൈറ്റ് ഡെക്കിൽ നടക്കാൻ അനുമതി എന്നിവയും ഏർപ്പാടാക്കി.
രാജ്യനന്മക്ക് വേണ്ടി എന്ത് റിസ്ക്കെടുക്കാനും തയാർ
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നിരവധി പ്രധാന പോയിൻറുകളിൽ നാവികസേന കപ്പലുകൾ തുടർച്ചയായ സാന്നിധ്യം കാത്തുസൂക്ഷിക്കുന്നു. ദേശ സുരക്ഷയോടൊപ്പം ദുരന്തനിവാരണവും കൂടിയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വിദേശ രാജ്യങ്ങൾക്ക് വരെ ഇതുവഴി സഹായമെത്തിക്കാൻ കഴിയും. മാനുഷിക സഹായവും ദുരന്ത നിവാരണവും തൽക്ഷണം ലഭ്യമാക്കാൻ ഈ വിന്യാസം ഉപകരിക്കും.
കോവിഡിെൻറ പശ്ചാത്തലത്തിൽ ഞങ്ങൾ നേരിട്ട വെല്ലുവിളികൾ വ്യത്യസ്തവും അതുല്യവുമായിരുന്നു. എന്നാൽ, രാജ്യത്തിനായി അത്തരം ആവശ്യങ്ങൾ ഏറ്റെടുക്കാൻ ഇന്ത്യൻ നാവികസേന എപ്പോഴും തയ്യാറാണ്. കൂടുതൽ കപ്പലുകൾ വിന്യസിക്കാനും സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ച് യാത്ര നടത്താനും ഞങ്ങൾ ഒരുക്കമാണ്. ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലും രാജ്യത്തിന് മികച്ചത് സമ്മാനിക്കാൻ ഞങ്ങൾ പ്രവൃത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.