നിയമസഭ തെരഞ്ഞെടുപ്പിൽ രജനീകാന്തിന്‍റെ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കും
text_fieldsചെന്നൈ: 2021ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രജനീകാന്തിന്‍റെ പാർട്ടി 234 സീറ്റിലും മത്സരിക്കും. ജനുവരിയിൽ പാർട്ടി പ്രവർത്തനമാരംഭിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ചും മത്സരിക്കുന്നത് സംബന്ധിച്ചും പാർട്ടി വൃത്തങ്ങൾ സൂചന നൽകിയത്.
'തമിഴ്നാട് അസംബ്ലിയിലെ 234 സീറ്റികളിലും മത്സരിക്കും. ഞങ്ങളുടേത് സാത്വികമായ രാഷ്ട്രീയമാണ്. ആളുകൾ വെറുക്കുന്ന രാഷ്ട്രീയമല്ല. അതാണ് ഞങ്ങൾ പാർട്ടിയിലൂടെ ലക്ഷ്യമിടുന്നത്. ഞങ്ങൾ ആരയും അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല' -രജനീകാന്തിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറി തമിഴരുവി മണിയൻ പറഞ്ഞു.
വർഷങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കഴിഞ്ഞദിവസമാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചിരുന്നു. രജനി മക്കൾ മൻട്രം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് വാർത്ത പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചുള്ള തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് ബുധനാഴ്ച രജനീകാന്ത് അറിയിച്ചിരുന്നു.
'ജില്ലാ ഭാരവാഹികൾ അവരുടെ അഭിപ്രായം അറിയിച്ചുകഴിഞ്ഞു. ഞാൻ എന്ത് തീരുമാനമെടുത്താലും അതിനൊപ്പം ഉറച്ചുനിൽക്കുമെന്നാണ് അവരുടെ തീരുമാനം. എന്‍റെ തീരുമാനം എത്രയും വേഗം നിങ്ങളെ അറിയിക്കുന്നതാണ്.' ബുധനാഴ്ച പയസ് ഗാർഡനിലെ വീട്ടിൽവെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പിവിരുദ്ധ നിലപാടുകൾ പലപ്പോഴും പരസ്യമായി പ്രഖ്യാപിച്ച കമൽഹാസൻ രജനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൻെറ സാധ്യത തേടുന്നുണ്ട്. നേരത്തെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച കമൽഹാസനും തെരഞ്ഞെടുപ്പിൽ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നതിനായി കാത്തിരിക്കുകയാണ്. ആറുമാസത്തിനകം തമിഴാനാട്ടിൽ തെരഞ്ഞെടുപ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.