'പ്രതീക്ഷ കൈവിടരുത്, തെളിച്ചമുള്ള ജീവിതത്തിലേക്ക് നമ്മൾ തിരിച്ചുവരും' -വികാരനിർഭര കുറിപ്പുമായി പ്രിയങ്ക
text_fieldsന്യൂഡൽഹി: ഉറ്റവരുടെ ജീവനെടുത്തും അതിലേറെ പേരെ ആശുപത്രി കിടക്കയിലാക്കിയും കോവിഡ് രാജ്യത്ത് മഹാദുരിതം തീർക്കുകയാണെങ്കിലും പ്രതീക്ഷ കൈവിടരുതെന്നും ഈ പ്രതിസന്ധിയെയും നാം അതിജീവിക്കുമെന്നും പ്രാർഥിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വികാര നിർഭര കുറിപ്പ്. ഭരണകൂടം ജനങ്ങൾക്കു വേണ്ടത് ചെയ്തുകൊടുക്കുന്നതിൽ ദയനീയ പരാജയമാവുകയും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തിട്ടുണ്ടെങ്കിലും നാം അതിജീവിക്കുക തന്നെ ചെയ്യുമെന്ന് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച സന്ദേശത്തിൽ അവർ പറയുന്നു.
'ഹൃദയം തകർന്നാണിത് കുറിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ പലർക്കും ഉറ്റവരെ നഷ്ടമായി. അതിലേറെ പേർ ജീവനുവേണ്ടി പൊരുതുന്നു. എന്തുസംഭവിക്കുമെന്നറിയാതെ കുറെയാളുകൾ വീടുകളിൽ രോഗവുമായി മല്ലിടുന്നു. ഈ ഭീകരത തലക്കുമുകളിൽ വന്നുപതിക്കാതെ ഒരാൾ പോലുമുണ്ടാകില്ല നമ്മളിൽ. രാജ്യത്തുടനീളം ജനം ഇറ്റു ശ്വാസത്തിനായി പാടുപെടുന്നു. ആതുര ശുശ്രൂഷക്കും ജീവൻ രക്ഷിക്കാൻ ഒരു ഡോസ് മരുന്നിനും വേണ്ടി പ്രയാസപ്പെടുന്നു. ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തിൽ ഭരണകൂടം ഉത്തരവാദിത്വ നിർവഹണത്തിൽനിന്നും നേതൃത്വത്തിൽനിന്നും ഇങ്ങനെ ഒഴിഞ്ഞുമാറി നിൽക്കുമെന്ന്
എതിരാളികൾ പോലും കരുതിയിട്ടുണ്ടാകില്ല. ഇനിയെങ്കിലും അവർ മനുഷ്യ ജീവൻ രക്ഷിക്കാൻ വേണ്ടത് ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം''- പ്രിയങ്ക കുറിച്ചു.
അങ്ങനെയൊക്കെയാണെങ്കിലും മനുഷ്യർ പരസ്പരം സഹായവുമായി എത്തി വെല്ലുവിളി ഏറ്റെടുത്തതായി പ്രിയങ്ക പറഞ്ഞു.
'മുമ്പും വലിയ വേദനയും പ്രയാസങ്ങളും പലത് നാട് കണ്ടതാണ്. ചുഴിലക്കാറ്റുകളും പട്ടിണിയും വലിയ ഭൂചലനങ്ങളും വെള്ളപ്പൊക്കങ്ങളും നാം അതിജീവിച്ചു. ദുരിത പർവങ്ങളിൽ നിങ്ങളെയും എന്നെയും പോലുള്ള സാധാരണക്കാർ മുന്നോട്ടുവന്നിട്ടുണ്ട്. മനുഷ്യത്വം ഒരിക്കലും നമുക്കുമുമ്പിൽ പരാജയപ്പെട്ടിട്ടില്ല''- കുറിപ്പ് ഇങ്ങനെ പോകുന്നു.
ഓരോ ഗ്രാമത്തിലും ജില്ലയിലും പട്ടണത്തിലും പിന്നെ മറ്റിടങ്ങളിലും നിരവധി സംഘടനകളും വ്യക്തികളും ദുരന്തമുഖത്ത് സഹായ ഹസ്തവുമായി എത്തുന്നുണ്ട്. ഈ അടിസ്ഥാന നന്മ ഇപ്പോഴും നിലനിൽക്കുന്നു. പരിധികളിൽ തളക്കാനാകാത്ത ധീരതയോടെ ഈ നിസ്സഹായതയോടും ഭീതിയോടും പൊരുതി നിൽക്കുകയെന്ന വെല്ലുവിളിയാണ് നമുക്കു മുന്നിൽ. ഈ പോരാട്ടത്തിൽ ജാതിയും ജാതിയും വർഗവും മറ്റു വിവേചനങ്ങളും മറന്ന് നാം ഒന്നാകണം, വൈറസ് അവയെ വേർതിരിച്ചുകാണാറില്ല''.
നമ്മെ ഇന്ത്യക്കാരാക്കുന്ന സഹാനുഭൂതിയും തിരിച്ചുവരാനുള്ള പക്വതയും നാം പരസ്പരം കാണിക്കണം. ജീവിതം വഴിമുട്ടിയ ഈ പ്രത്രിസന്ധിയിൽ ഓരോരുത്തർക്കും ബാക്കിയുള്ളവനാണ് ഏറ്റവും വലിയ കരുത്ത്. ചുറ്റും കനംതൂങ്ങി നിൽക്കുന്ന ഇരുട്ട് മാറ്റി ഒരുനാൾ നാം വെളിച്ചത്തിലേക്ക് വരും''- അവസാനമായി പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.