‘ഞങ്ങൾ മധ്യപ്രദേശിലും രാജസ്ഥാനിലും മത്സരിക്കില്ല, പക്ഷേ...’; കോൺഗ്രസിന് മുന്നിൽ ഉപാധികളുമായി ആം ആദ്മി പാർട്ടി
text_fieldsഡല്‍ഹി: തെരഞ്ഞെടുപ്പ് സഹകരണത്തിന് കോൺഗ്രസിന് മുന്നിൽ ഉപാധി വെച്ച് ആം ആദ്മി പാർട്ടി. ഡൽഹി, പഞ്ചാബ് തെരഞ്ഞെടുപ്പിൽനിന്ന് കോൺഗ്രസ് പിന്മാറിയാൽ തങ്ങൾ മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഡൽഹി ആരോഗ്യ മന്ത്രിയും എ.എ.പി വക്താവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പോരാടിയില്ലെങ്കിൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡൽഹി സർക്കാറിനു കീഴിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാർ ഓർഡിനൻസിനെതിരെ കോൺഗ്രസിന്‍റെ പിന്തുണ തേടാനുള്ള ശ്രമത്തിനിടെയാണ് എ.എ.പി നേതാവിന്‍റെ പ്രതികരണം. ‘2015, 2020 ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പൂജ്യം സീറ്റുകളാണ് ലഭിച്ചത്. ഡൽഹിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ് പറയട്ടെ, എങ്കിൽ ഞങ്ങൾ മധ്യപ്രദേശിലും രാജസ്ഥാനിലും മത്സരിക്കില്ല’ -ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ സൗരഭ് ഭരദ്വാജ് പറഞ്ഞു.
കോൺഗ്രസ് എ.എ.പിയുടെ ആശയങ്ങൾ കോപ്പിയടിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിക്ക് നേതാക്കളുടെ മാത്രമല്ല, ആശയങ്ങളുടെയും കുറവുണ്ട്. അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും വെള്ളം, വൈദ്യുതി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ ക്ഷേമ പദ്ധതികളുടെ പേരുപറഞ്ഞ് പരിഹസിച്ച ശേഷം കോണ്‍ഗ്രസ് അതേ ആശയങ്ങൾ പകർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.ബി.ഐ-ഇ.ഡി റെയ്ഡുകളിലൂടെ പ്രതിപക്ഷ പാർട്ടികളെ ബി.ജെ.പി ചവിട്ടിത്താഴ്ത്തുകയാണ്. പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടക്കുന്നു. 2024ൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ഭരണഘടന തിരുത്തി മോദിയെ ഈ രാജ്യത്തിന്റെ രാജാവായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അസംഖ്യം ആളുകൾ ജീവൻ നൽകി നേടിയെടുത്ത ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.