ഞങ്ങൾ കുമ്പിടില്ല; ഫാഷിസ്റ്റ് സർക്കാറിനെതിരെ പാർലമെൻറിലും തെരുവിലും പോരാടും -മമത
text_fieldsന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ പാർലമെൻറിൽ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫാഷിസ്റ്റ് സർക്കാറിനെതിരെ പാർലമെൻറിനകത്തും തെരുവിലും പോരാടുമെന്നും മമത വ്യക്തമാക്കി. ട്വിറ്ററിലാണ് മമത ബാനർജി കേന്ദ്ര സർക്കാറിനെതിരെ വിമർശനമുന്നയിച്ചത്.
''കർഷക താത്പര്യങ്ങളെ സംരക്ഷിക്കാനായി പോരാടിയ എട്ട് എം.പിമാരുടെ സസ്പെൻഷൻ ദൗർഭാഗ്യകരവും ജനാധിപത്യ മര്യാദകളേയും നിയമങ്ങളേയും ബഹുമാനിക്കാത്ത ഏകാധിപത്യ സർക്കാറിൻെറ മനോനിലയുടെ പ്രതിഫലനവുമാണ്. ഞങ്ങൾ കുമ്പിടില്ല. ഈ ഫാഷിസ്റ്റ് സർക്കാറിനെതിരെ പാർലമെൻറിലും തെരുവിലും പോരാടും.''- മമത ബാനർജി ട്വീറ്റ് ചെയ്തു. ബി.ജെ.പി ജനാധിപത്യത്തെ ഇല്ലാതാക്കി എന്ന ഹാഷ്ടാഗിലായിരുന്നു മമതയുടെ ട്വീറ്റ്.
കാർഷിക ബില്ല് പാസാക്കുന്നതിനിടെ രാജ്യസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാരായ രാജീവ് സതാവ്, റിബുൻ സോറ, സയ്യിദ് നസീർ ഹുസൈൻ, ആം ആദ്മി പാർട്ടിയിലെ സഞ്ജയ് സിങ്, തൃണമൂൽ കോൺഗ്രസ് എം.പിമാരായ ഡെറിക് ഒബ്രിയാൻ, ഡോല സെൻ, സി.പി.എം എം.പിമാരായ എളമരംകരീം, കെ.കെ. രാഗേഷ് തുടങ്ങി എട്ട് എം.പിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.