പെഹ്ലു ഖാന് ആദരാഞ്ജലികൾ അർപ്പിക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദു സംഘടനകൾ
text_fieldsബെഹ് രൂർ (രാജസ്ഥാൻ): പശുവിനെ വാങ്ങിവരുന്നതിനിടയിൽ ഗോരക്ഷാ ഗുണ്ടകളുടെ മർദ്ദനമേറ്റ് മരിച്ച ക്ഷീര കർഷകൻ പെഹ്ലു ഖാന് ആദരാഞ്ജലികൾ അർപ്പിക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദു സംഘടനകൾ. ബെഹ് രൂരിൽ പെഹ്ലു ഖാൻ കൊല്ലപ്പെട്ടിടത്ത് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ മനുഷ്യാവകാശ പ്രവർത്തകരെ കൈയേറ്റം ചെയ്ത് തിരിച്ചയക്കുകയായിരുന്നു ഹിന്ദു സംഘടനകൾ.
കർവാൻ ഇ-മൊഹബത്ത് (കാരവാൻ ഓഫ് ലവ്) എന്ന സംഘടനയിലെ അംഗങ്ങൾ സഞ്ചരിച്ച ബസ് വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഒരു സംഘം ആളുകൾ തടഞ്ഞത്.
പെഹ്ലു ഖാനെ മർദിച്ച് കൊന്ന കേസിലെ പ്രതികൾക്ക് പൊലീസ് ക്ളീൻ ചിറ്റ് നൽകിയിരുന്നു. തുടർന്ന് രാജസ്ഥാനിൽ ഗോരക്ഷാ ഗുണ്ടകൾക്കതിരെയുള്ള നടപടികൾ നിർത്തിവെക്കുകയാണെന്ന ആശങ്ക ശക്തമാണ്. ഇതിന്‍റെ പ്രതിഫലനമായിരുന്നു കർവാൻ ഇ-മൊഹബത്തിന്‍റെ പ്രതിഷേധവും.
സംഘർഷത്തെ തുടർന്ന് സ്ഥലത്ത് പൊലീസെത്തി സാമൂഹ്യപ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും തങ്ങൾ പിന്തിരിയില്ലെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചു നിന്നു. മത വിദ്വേഷത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങളിൽ ഇരയായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷം മാത്രമേ തിരിച്ചുപോകുകയുള്ളൂവെന്ന് ശഠിച്ച് പ്രവർത്തകർ കുത്തിയിരുന്നു. ഇതോടെ പൊലീസ് കർവാൻ ഇ-മൊഹബത്ത് നേതാവായ ഹർഷ് മന്ദിറിനെ മാത്രം സ്ഥലത്തേക്ക് കടത്തിവിട്ടു. വിദ്വേഷക്കൊലകൾക്ക് ഇരയായ എല്ലാവർക്കും ആദരാഞ്ജലികളർപ്പിക്കുമെന്ന് പെഹ്ലു ഖാന് ആദരമർപ്പിച്ച ശേഷം ജയ്പൂരിലേക്ക് തിരിച്ച സംഘം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.