സംഘ്പരിവാർ വ്യാജാരോപണങ്ങൾ പകർത്തിയ ലഖ്നോ കോടതി വിധി വിവാദത്തിൽ
text_fieldsന്യൂഡൽഹി: നിർബന്ധിത മത പരിവർത്തനം ആരോപിച്ച് ഇസ്‍ലാമിക പണ്ഡിതരായ മൗലാന കലീം സിദ്ദിഖി, ഉമർ ഗൗതം, ഇദ്ദേഹത്തിന്റെ മകൻ അബ്ദുല്ല ഉമർ എന്നിവരടക്കം 12 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതിവിധിയിൽ പറയുന്നത് സംഘ്പരിവാർ കാലങ്ങളായി ഉന്നയിക്കുന്ന വ്യാജാരോപണങ്ങൾ. മതപരിവർത്തനത്തിലൂടെ ഇന്ത്യയിലെ 'ഭൂരിപക്ഷ' സമൂഹം 'ന്യൂനപക്ഷ'മായി മാറുമെന്ന അലഹബാദ് ഹൈകോടതിയിലെ ഒരു ജഡ്ജിയുടെ വിവാദ നിരീക്ഷണവും ലഖ്നോ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എ.ടി.എസ്) കോടതിയിലെ പ്രത്യേക ജഡ്ജി വിവേകാനന്ദ് ശരൺ ത്രിപാഠി എടുത്തു പറഞ്ഞു. ബ്രിട്ടീഷുകാർ മുഗൾ ഭരണം അവസാനിപ്പിച്ചില്ലായിരുന്നുവെങ്കിൽ മുസ്‍ലിം ജനസംഖ്യ രാജ്യത്ത് കുതിച്ചുയരുമെന്നും ഇന്ത്യ ഇസ്‍ലാമിക രാഷ്ട്രമായി മാറുമായിരുന്നുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ വിവാദ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കൂട്ട മതപരിവർത്തന കേസിൽ ലഖ്നോ കോടതി 16 പേരെ കുറ്റക്കാരായി വിധിച്ചത്. ഇതിൽ കലീം സിദ്ദിഖി, ഉമർ ഗൗതം അടക്കം 12 പേർക്ക് ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു. പ്രതികൾ ഇന്ത്യൻ ഭരണകൂടത്തിനെതിരായ യുദ്ധത്തിന് നിയമവിരുദ്ധമായ മതപരിവർത്തനമാണ് പ്രധാന ആയുധം ആയി ഉപയോഗിച്ചതെന്ന് കോടതി പറഞ്ഞു. 264 പേജുള്ള വിധിന്യായത്തിലാണ് ഈ പരാമർശം.
സിദ്ദിഖിയും ഗൗതമും നിയമവിരുദ്ധ മതപരിവർത്തന ശൃംഖലയിലൂടെ ഇന്ത്യയെ ഇസ്‍ലാമിക രാഷ്ട്രമാക്കാൻ ശ്രമിച്ചതായി ജഡ്ജി ത്രിപാഠി ചൂണ്ടിക്കാട്ടി. ജമൈക്കൻ വംശജനായ ബിലാൽ ഫിലിപ്‌സിന്റെയും അൽഖാഇദ ബന്ധമുള്ള അൻവർ അൽ ഔലാകിയുടെയും "മൗലികവാദ ജിഹാദി പ്രത്യയശാസ്ത്ര"ത്തിൽ നിന്നാണ് ഗൗതമും സിദ്ദിഖും മറ്റുള്ളവരും പ്രചോദനം ഉൾക്കൊണ്ടതെന്നും ജഡ്ജി ആരോപിച്ചു. ഇവരുമായുള്ള ബന്ധത്തിലൂടെ കുറ്റാരോപിതരായ വ്യക്തികൾ ഇന്ത്യയെ ‘ദാറുൽ ഇസ്‍ലാം’ ആക്കി മാറ്റാൻ പ്രവർത്തിച്ചു, ഹിന്ദുക്കളെ നിയമവിരുദ്ധമായി ഇസ്‍ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അന്തർ സംസ്ഥാന സിൻഡിക്കേറ്റ് ഉണ്ടാക്കി തുടങ്ങിയ കുറ്റങ്ങളും വിധിന്യായത്തിൽ പറഞ്ഞു.
2021ൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ബുധനാഴ്ച കോടതി ഇവർക്ക് ജീവപര്യന്തം തടവും മറ്റ് നാല് പേർക്ക് പത്ത് വർഷം തടവും വിധിച്ചത്. ഈ നിയമപ്രകാരം ഉത്തർപ്രദേശിൽ കൂട്ട മതപരിവർത്തന കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ സംഭവമാണിത്. നിയമത്തിന്റെ 3, 5, 8 വകുപ്പുകളും മതങ്ങൾ തമ്മിൽ വിദ്വേഷം വളർത്തുക, മതവികാരം വ്രണപ്പെടുത്തുക, വഞ്ചന തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ്16 പേരെയും ശിക്ഷിച്ചത്. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐ.പി.സി 121 എ വകുപ്പ് പ്രകാരമാണ് 12 പേർക്ക് ജീവപര്യന്തം വിധിച്ചത്. വിദേശികളിൽനിന്നും വിദേശ സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങി മതപരിവർത്തനത്തിന് ഉപയോഗിച്ചു എന്ന ആരോപണവും മൗലാന ഉമർ ഗൗതം, മകൻ അബ്ദുല്ല ഉമർ എന്നിവർക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. വിദേശ കേന്ദ്രങ്ങളുമായി ഗൂഢാലോചന നടത്തി വിദേശ ഫണ്ട് ഉപയോഗിച്ച് ഹിന്ദുക്കളെ വൻതോതിൽ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രതികൾ ശ്രമിക്കുന്നതായും കോടതി പറഞ്ഞു.
ബംഗ്ലാദേശിൽ അടുത്തിടെ നടന്ന രാഷ്ട്രീയ പ്രക്ഷോഭത്തിനിടെ ഹിന്ദുക്കളെ പീഡിപ്പിച്ചുവെന്ന സംഘ് പരിവാർ ആരോപണവും ജഡ്ജി ആവർത്തിച്ചു. ഇസ്‍ലാമിക മതമൗലികവാദികൾ ഭൂരിപക്ഷമാകുന്ന രാജ്യത്ത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ അനന്തരഫലങ്ങളാണിതെന്ന് വിധിയിൽ പറഞ്ഞു. മുസ്‍ലിംകളെ കുറിച്ച് നിരവധി വ്യാജോരോപണങ്ങൾ ഉന്നയിച്ച് വിവാദമായ പുസ്തകങ്ങളിലെ ഉള്ളടക്കങ്ങളും വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇസ്‍ലാം ഉപേക്ഷിച്ച എം.എ ഖാൻ എന്നയാൾ എഴുതിയ ‘ഇസ്‍ലാമിക് ജിഹാദ്: എ ലെഗസി ഓഫ് ഫോഴസ്ഡ് കൺവേർഷൻ, ഇംപീരിയലിസം ആൻഡ് സ്ലേവറി’ എന്ന വിവാദ പുസ്തകത്തിലെ ഉദ്ധരണികൾ ഉപയോഗിച്ചാണ് ബംഗ്ലാദേശിലെയും പാകിസ്താനിലെയും ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കാരണം ആ രാജ്യങ്ങളിലെ മുസ്‍ലിം ജനസംഖ്യയിലെ വർധനവ് മൂലമാണെന്ന് ജഡ്ജി ത്രിപാഠി സ്ഥാപിക്കുന്നത്.
‘പാകിസ്‍താനിൽ മുസ്‍ലിംകൾ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നു, ഇസ്‍ലാം മതം സ്വീകരിച്ച് മുസ്‍ലിംകളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു, ഓരോ വർഷവും 600 ഓളം ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും നിർബന്ധിതമായി ഇസ്‍ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു” തുടങ്ങിയ പുസ്‍തകത്തിലെ ആരോപണങ്ങളും ഖാനെ ഉദ്ധരിച്ച് കോടതി വിധിയിൽ പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ബംഗ്ലാദേശിൽ ‘ജിഹാദി മതമൗലികവാദികൾ’ അധികാരം ഏറ്റെടുത്തതോടെ പുസ്തകത്തിൽ പ്രവചിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടതായും ജഡ്ജി ത്രിപാഠി പറഞ്ഞു.
ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നാരോപിച്ച ഒരാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ അടുത്തിടെ നടത്തിയ നിരീക്ഷണവും ത്രിപാഠി പരാമർശിച്ചു. ‘ഈ പ്രക്രിയ നടപ്പാക്കാൻ അനുവദിച്ചാൽ രാജ്യത്തെ ഭൂരിപക്ഷ സമുദായം ഒരു ദിവസം ന്യൂനപക്ഷമായി മാറും. അത്തരം മതസഭകൾ ഉടൻ അവസാനിപ്പിക്കണം’ എന്നായിരുന്നു ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.