ബി.ജെ.പി നേതാക്കൾ കാവി ഷാളിന് പകരം ചുവപ്പ് ഷാളാണ് ധരിക്കേണ്ടതെന്ന് ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: രക്തചൊരിച്ചിലുകളിലൂടെയും വർഗീയ സംഘർഷത്തിലൂടെയും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബി.ജെ.പി നേതാക്കൾ കാവി ഷാളിന് പകരം രക്തത്തിന്‍റെ നിറമുള്ള ചുവപ്പ് ഷാൾ ധരിക്കണമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. ബി.ജെ.പി നേതാക്കൾ ഇപ്പോൾ കാവി ഷാൾ ധരിക്കാനും കാവിതൊപ്പി ധരിക്കാനും തുടങ്ങിയെന്നും ബി.ജെ.പിക്ക് കാവിനിറവുമായി എന്തു ബന്ധമാണുള്ളതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാറിന്റെ ഭരണപരാജയങ്ങൾ ഉയർത്തിക്കാട്ടി സംഘടിപ്പിച്ച ജനധ്വനി കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഡി.കെ. ശിവകുമാർ നിശിത വിമർശനം നടത്തി. ബി.ജെ.പിയുടെ ചിഹ്നമായ താമര ശുദ്ധമായ വെള്ളത്തിന് പകരം ചെളി നിറഞ്ഞ വെള്ളത്തിലാണ് വളരുന്നത്. ഇതുപോലെയാണ് സമൂഹത്തിന്‍റെ ക്രമസമാധാന നില തകർത്ത് ബി.ജെ.പി അധികാരത്തിലെത്താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ് കോൺഗ്രസ് നേതാക്കൾ. ബി.ജെ.പിയുടെ ഒരു നേതാവും സ്വാതന്ത്ര സമരത്തിന് വേണ്ടി ജീവന്‍ ബലിയർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്‌നാലിന്റെ പരാമർശത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പണം നൽകാൻ തന്നോട് ആവശ്യപ്പെട്ടതായി തുറന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ പാർട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. പറഞ്ഞത് സത്യമായത് കൊണ്ടാണത്. താന്‍ ഭരണപക്ഷത്തായിരുന്നെങ്കിൽ ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയ എം.എൽ.എയെ പുറത്താക്കുമായിരുന്നെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.