വസ്ത്രധാരണം സ്വത്വ പ്രകടനം -ഹിജാബ് കേസിൽ കപിൽ സിബൽ
text_fieldsന്യൂഡൽഹി: നമ്മുടെ സംസ്കാരത്തിന്റെ ബഹുസ്വരത കാത്തുസൂക്ഷിക്കുക എന്നത് അടിസ്ഥാന കടമയാണെന്നും, അതിനെ എതിർക്കാൻ ആർക്കും അവകാശമില്ലെന്നും ഹിജാബ് നിരോധന കേസിൽ സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. സാംസ്കാരിക വൈവിധ്യങ്ങൾക്കിടയിൽ, താൻ ഒരു പ്രത്യേക സംസ്കാരത്തിൽനിന്നാണ് വരുന്നതെന്ന് പറയാൻ എല്ലാവർക്കും അർഹതയില്ലേ എന്ന് അദ്ദേഹം ചോദിച്ചു. നിങ്ങൾ ആരാണ്, നിങ്ങൾ എവിടെയാണ് എന്നതിന്റെ പ്രകടനം കൂടിയാണ് ഹിജാബ് ധാരണം. വസ്ത്രധാരണം സ്വത്വത്തിന്റെ പ്രകടനമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്വകാര്യത, അന്തസ്സ് തുടങ്ങിയ മൗലികാവകാശങ്ങൾ ഇല്ലാതാക്കുന്നതാണ് കർണാടക സർക്കാറിന്റെ ഉത്തരവ്. ഇത്തരത്തിൽ ഒരു ഉത്തരവ് ഉയർത്തിപ്പിടിക്കുന്നതിന്റെ ദേശീയ പ്രത്യാഘാതം കാണണമെന്നും മറ്റ് ചില സംസ്ഥാനങ്ങൾ ഇത് പിന്തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂളിൽനിന്ന് മതപരമായ അടയാളങ്ങൾ മായ്ക്കുന്നതാണ് യുക്തിയെങ്കിൽ, എല്ലാ മതപരമായ പദപ്രയോഗങ്ങളും നിരോധിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഹിജാബ് മാത്രം നിരോധിച്ചതിനാൽ അത് വിവേചനമായി മാറുന്നുണ്ട്. സിഖുകാർക്ക് പഗ്ഡി, ഹിന്ദുക്കൾക്ക് തിലകം, ക്രിസ്ത്യാനികൾക്ക് കുരിശ് തുടങ്ങിയ മറ്റ് മതപരമായ അടയാളങ്ങൾ നിരോധിച്ചിട്ടില്ലന്നും അദ്ദേഹം ചുണ്ടിക്കാട്ടി. ന്യൂനപക്ഷത്തിന്റെ കണ്ണിലൂടെ ഈ പ്രശ്നത്തെ കാണാനുള്ള കഴിവാണ് ഭരണഘടനാ ധാർമികതയെന്ന് മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വ്യക്തമാക്കി.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയ നടപടി ശരിവെച്ച ഹൈകോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹരജികളിൽ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കൽ തുടരുകയാണ്. വിഷയം ഭരണഘടന ബെഞ്ചിന് വിടണമെന്ന് കപിൽ സിബൽ അടക്കം മുതിർന്ന അഭിഭാഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.