സിന്ദൂരം ധരിക്കൽ സ്ത്രീയുടെ മതപരമായ കടമ; അതവൾ വിവാഹിതയാണെന്ന് കാണിക്കുന്നു -മധ്യപ്രദേശ് കുടുംബ കോടതി
text_fieldsഇൻഡോർ: ഭർത്താവിൽനിന്ന് വേർപെട്ടു താമസിക്കുന്ന സ്ത്രീയോട് ഉടൻ വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഇൻഡോർ കുടുംബകോടതി സിന്ദൂരം ധരിക്കൽ സ്‍ത്രീകളുടെ മതപരമായ കടമയാണെന്നും അതവർ വിവാഹിതയാണെന്ന് തെളിയിക്കുന്നുവെന്നും നിരീക്ഷിച്ചു.
അഞ്ച് വർഷം മുമ്പ് ഭാര്യ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ഹിന്ദു വിവാഹ നിയമപ്രകാരമുള്ള അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ഇൻഡോർ കുടുംബകോടതി പ്രിൻസിപ്പൽ ജഡ്ജി എൻ.പി. സിങ്ങിന്റെ നിർദേശം.
താൻ സിന്ദൂരം ധരിക്കാറില്ലായിരുന്നുവെന്ന് മൊഴി രേഖപ്പെടുത്തവെ യുവതി സമ്മതിച്ചതായും സിന്ദൂരം ധരിക്കൽ ഭാര്യയുടെ മതപരമായ കടമയാണെന്നും അവൾ വിവാഹിതയാണെന്ന് തിരിച്ചറിയാൻ ഇതിലൂടെ സാധിക്കുന്നുവെന്നും മാർച്ച് ഒന്നിലെ ഉത്തരവിൽ ജഡ്ജി പറഞ്ഞു. ഭർത്താവ് യുവതിയെ ഉപേക്ഷിച്ചതല്ല, യുവതിയാണ് അയാളെ ഉപേക്ഷിച്ചതെന്നും വിവാഹ മോചനം ആഗ്രഹിച്ചതെന്നും കോടതി നിരീക്ഷിച്ചു.
യുവതി ഭർത്താവിനെ ഉപേക്ഷിച്ചു പോയതാണ്. അവർ ഒരിക്കലും സിന്ദൂരം ധരിച്ചിരുന്നുമില്ല.-കോടതി ചൂണ്ടിക്കാട്ടി. ഭർത്താവ് സ്ത്രീധനത്തിന്റെ പേരിൽ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്. ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം, യുവതി ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ രേഖകളൊന്നും സമർപ്പിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി. 2017ലാണ് ദമ്പതികൾ വിവാഹിതരായത്. ഇവർക്ക് അഞ്ചുവയസുള്ള മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.