ഉത്തരേന്ത്യ വെന്തുരുകുന്നു; ഡൽഹിയിൽ 25 വരെ ഉഷ്ണതരംഗം, ദക്ഷിണേന്ത്യയിൽ മഴ കനക്കും
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയിൽ കടുത്ത ചൂട് തുടരുകയാണ്. ഇതിനിടെ, ദക്ഷിണേന്ത്യയിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കടുത്ത ചൂട് ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
ഇവിടങ്ങളിൽ, താപനില തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണിപ്പോൾ. ഈ ചൂടിൽ നിന്ന് എപ്പോൾ മോചനം ലഭിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ്ണതരംഗം സംബന്ധിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചൂട് കടുത്തതോടെ, ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ ഏറെ പ്രയാസപ്പെടുകയാണ്. ഇതിനിടെ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വീടിന് പുറത്ത് ജോലി ചെയ്യുന്നവരോട് നിർബന്ധമായും കുടിവെള്ളം കരുതണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ പ്രവചനമനുസരിച്ച്, ഈമാസം 25 വരെ ഈ സംസ്ഥാനങ്ങൾക്ക് ചൂടിൽ നിന്ന് മോചനമില്ല. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന-ചണ്ഡീഗഡ്-ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മിക്ക പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കവിയുമെന്നാണ് കണക്കാക്കുന്നത്. ചില പ്രദേശങ്ങളിൽ താപനില 45-ന് മുകളിലെത്തിയേക്കാം.
ദക്ഷിണേന്ത്യയിൽ മഴ
ദക്ഷിണേന്ത്യയിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റ് അറിയിച്ചു. കേരളത്തിലും തെക്കൻ തമിഴ്‌നാട്ടിലും ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴക്കും ഇടിയോടുകൂടിയ മഴക്കും സാധ്യതയുണ്ട്. തെലങ്കാന, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയുടെ ചില ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം.
ഡൽഹിയിൽ ഉഷ്ണതരംഗം
ഡൽഹിയിൽ ഈമാസം 25 വരെ കടുത്ത ഉഷ്ണതരംഗം തുടരും. ശക്തമായ ചൂട് കാറ്റ് വീശുകയും പകൽ താപനില 46 ഡിഗ്രിയിലെത്തുകയും ചെയ്യുമെന്നാണ് പ്രവചനം. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഈ ആഴ്‌ച ഡൽഹിയിലെ പരമാവധി താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ തുടരാം. അതേസമയം കുറഞ്ഞ താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.