വരന്റെ വീട്ടുകാർ നൽകിയത് വില കുറഞ്ഞ ലെഹങ്കയെന്ന്; പെൺകുട്ടി വിവാഹത്തിൽ നിന്ന് പിൻമാറി
text_fieldsഇന്ത്യൻ വിവാഹങ്ങൾ എന്നും പണക്കൊഴുപ്പിന്റെ മാമാങ്കങ്ങളാണ്. വിവാഹം ഉറപ്പിക്കുന്നതു മുതൽ തുടങ്ങുന്ന ആഘോഷങ്ങൾ അവസാനിക്കുന്നത് ഹണിമൂണും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുമെല്ലാം കഴിയുന്നതോടെയാണ്. ആചാരങ്ങളും ഭക്ഷണങ്ങളുമെല്ലാം ഗ്രാന്റായി തന്നെ തയാറാക്കും. പാരമ്പര്യ ആചാരങ്ങൾ കൂടാതെ, ഓരോരുത്തരും അവരവരുടെ ഭാവനക്കും സാമ്പത്തിക സ്ഥിതിക്കും അനുസരിച്ചും മറ്റുള്ളവരിൽ കണ്ട താത്പര്യമുള്ള ആചാരങ്ങൾ കടമെടുത്തുമെല്ലാം വിവാഹം കൊഴുപ്പിക്കും.
ഇത്തരം വിവാഹങ്ങളിൽ പെണ്ണുകാണൽ ചടങ്ങ് മുതൽ പ്രധാന സ്ഥാനത്തു നിൽക്കുന്നതാണ് വസ്ത്രം. ഏറ്റവും വില കൂടിയ വസ്ത്രങ്ങൾ വിവാഹത്തിനും അതിനോടനുബന്ധിച്ച ചടങ്ങുകൾക്കും ധരിക്കാനാണ് എല്ലാവരുടെയും ശ്രദ്ധ. ഉത്തരാഖണ്ഡിൽ ഒരു യുവതി വിവാഹത്തിൽ നിന്ന് പിൻമാറിയതും വസ്ത്രത്തിന്റെ വില കുറഞ്ഞെന്ന പേരിലാണ്.
ഉത്തരാഖണ്ഡിലെ ഹൽദ്‍വാനി ജില്ലയിലെ യുവതിയാണ് വാർത്തയിലെ താരം. വരന്റെ കുടുംബം കൊടുത്തയച്ച ലെഹങ്ക വില കുറഞ്ഞതും ഗുണനിലവാരം കുറഞ്ഞതുമാണെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
നവംബർ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് വരന്റെ പിതാവ് ഭാവി മരുമകൾക്ക് 10,000 രൂപയുടെ ലെഹങ്ക വാങ്ങി നൽകി. എന്നാൽ ലെഹങ്ക പെൺകുട്ടിക്ക് ഇഷ്ടമായില്ല. ലെഹങ്കക്ക് വിലയും ഗുണനിലവാരവും കുറവാണെന്നായിരുന്നു വധുവിന്റെ കണ്ടെത്തൽ. ഇക്കാര്യം പറഞ്ഞ് അൽമോറ സ്വദേശിയായ വരനുമായി വധു പിണങ്ങുകയും വിവാഹത്തിൽ നിന്ന് പിൻമാറുകയുമായിരുന്നു.
അതോടെ ഇരു കുടുംബങ്ങളും പൊലീസിനെ സമീപിച്ചു. കോട്വാലി പൊലീസ് സ്റ്റേഷനിൽ അനുനയ ചർച്ച നടന്നു. ഒടുവിൽ ഇരു കുടുംബങ്ങളെയും സമാധാനിപ്പിച്ച് വിട്ടയച്ചെങ്കിലും വിവാഹം ഒഴിവായതോടെ ക്ഷണക്കത്ത് അച്ചടിച്ചതിന്റെ ചെലവ് ലഭിക്കണമെന്ന് വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. വീണ്ടും പൊലീസ് സാന്നിധ്യത്തിൽ നഷ്ടപരിഹാരം ഉറപ്പിച്ച് വിവാഹം റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.