മാതാപിതാക്കൾ കണ്ടെത്തിയയാളെ ഇഷ്ടമായില്ല- യുവശാസ്ത്രജ്ഞനായ വരന്‍റെ കഴുത്തറുത്ത് പ്രതിശ്രുത വധു
text_fieldsഹൈദരാബാദ്: വിവാഹം കഴിക്കാൻ സമ്മതമില്ലാത്തതിനാൽ മാതാപിതാക്കൾ കണ്ടെത്തിയ വരനെ വിളിച്ച് വരുത്തി കഴുത്തറുത്ത് യുവതി. വിശാഖപട്ടണത്തെ ചോടവാരത്താണ് സംഭവം. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ ശാസ്ത്രജ്ഞനായ രാമു നായിഡു എന്നയാൾക്കാണ് യുവതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ് യുവാവിനെ വിളിച്ച് വരുത്തിയ പ്രതിശ്രുത വധു പുഷ്പ രാമുവിന്‍റെ കഴുത്തറക്കുകയായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് പൊലീസ് പറഞ്ഞു. രാമു നായിഡുവിന്‍റെയും പുഷ്പയുടെയും വിവാഹം അടുത്തമാസം നടത്താൻ കുടംബം തീരുമാനിച്ചിരുന്നു.
ഇരുപത്തിരണ്ടുകാരിയായ പുഷ്പ സ്‌കൂൾ പഠനം ഉപേക്ഷിച്ചവളാണെന്ന് പൊലീസ് അറിയിച്ചു. രാമുവിനെ കാണുന്നതിന് മുമ്പ് അവൾ മൂന്ന് കത്തികൾ വാങ്ങിയതായും പൊലീസ് കൂട്ടിച്ചേർത്തു.
എന്നാൽ വിവാഹത്തിനോട് എതിർപ്പുണ്ടായിരുന്ന യുവതി രാമുവിനെ സർപ്രൈസ് തരാനെന്ന് പറഞ്ഞ് കുന്നിൻ മുകളിലെ ക്ഷേത്രത്തിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. മൂന്ന് കത്തികളുമായാണ് പുഷ്പ ഇവിടെയത്തിയത്. അവിടെ വെച്ച് യുവതി രാമുവിന്‍റെ കഴുത്തറക്കുകയായിരുന്നു. ആക്രമണത്തിൽ കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
മാതാപിതാക്കൾ കണ്ടെത്തിയ രാമുവിനെ തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമില്ലാത്തതിനാലാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. രാമുവുമായുള്ള വിവാഹം താൻ എതിർത്തിരുന്നെങ്കിലും മാതാപിതാക്കൾ അത് ചെവി കൊണ്ടില്ലെന്നും യുവതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.