ഹിന്ദുത്വ സംഘടനയുടെ പരാതി പ്രകാരം വിവാഹം തടയാൻ പൊലീസ്; 'ജിഹാദ്' ഇല്ല 'ലവ്' മാത്രമെന്ന് വരൻ
text_fieldsലഖ്നോ: മുസ്ലിം യുവാവും ഹൈന്ദവ യുവതിയും തമ്മിലുള്ള വിവാഹം നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം തടയാനെത്തിയ പൊലീസ് ഇരുവരും മതം മാറുന്നില്ലെന്ന് കണ്ടതോടെ കേസ് എടുക്കാതെ മടങ്ങി.
ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ യുവവാഹിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാത്രി വധുവിൻെറ വീട്ടിൽ നടക്കേണ്ടിയിരുന്ന ചടങ്ങ് തടയാനായി പൊലീസ് എത്തിയത്. വരന് 24ഉം വധുവിന് 22ഉം വയസുണ്ട്. ഹിന്ദു-മുസ്ലിം ആചാരങ്ങൾ പ്രകാരമാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്നതെന്നും മതംമാറാൻ ഉദ്ദേശിക്കുന്നില്ലെന്നും വരൻ വ്യക്തമാക്കുകയായിരുന്നു.
ലഖ്നോയിലെ ദൂഡ കോളനിയിലാണ് സംഭവം. ഇരുവർക്കും അഞ്ച് വർഷമായി പരസ്പരം അറിയാമെന്നും വിവാഹം തങ്ങളുടെ സമ്മത പ്രകാരമാണ് നടക്കുന്നതെന്നും വധുവിൻെറ മാതാവും വ്യക്തമാക്കിയതോടെ പൊലീസ് പിൻവാങ്ങുകയായിരുന്നു. യു.പിയിൽ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നവംബർ 28നായിരുന്നു വിവാഹ നിശ്ചയം.
കുടുംബം ജില്ല മജിസ്ട്രേറ്റിൽ നിന്നും അനുമതി വാങ്ങാമെന്ന് രോഖാമൂലം അറിയിച്ചതായും നിയമലംഘനം നടക്കുന്നില്ലെന്ന് വ്യക്തമായതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ലഖ്നോ ഡി.സി.പി രവി കുമാർ പറഞ്ഞു.
'ഇവിടെ മതപരിവർത്തനം ഒരു ചർച്ചയേ അല്ല....രണ്ടുപേർ ഇഷ്ടപ്പെട്ടാൽ തന്നെ പരസ്പരം അംഗീകരിക്കപ്പെടണം എന്നാണ് എനിക്ക് തോന്നുന്നത്. അവൾ ഹിന്ദുവാണെങ്കിൽ അവളുടെ മതവും വ്യക്തിത്വവും ഞാൻ അംഗീകരിക്കണം, അവളും അതുപോലെ തന്നെയാകണം.'- ഫാർമസിസ്റ്റായ വരൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പൊലീസിൻെറ നടപടിയിൽ വധുവിൻെറ മാതാവ് അൽപം രോഷത്തിലായിരുന്നു. ' എൻെറ മകൾ ആരെ വിവാഹം ചെയ്യുന്നുവെന്നതിൽ ചിലർ ഇത്ര വേവലാതിപ്പെടുന്നത് എന്തിനാണ്. ഞങ്ങൾ ഒരു ബഹുസ്വര സമൂഹത്തിലാണ് ജീവിക്കുന്നത്. ഞങ്ങൾക്ക് ധാരാളം മുസ്ലിം സുഹൃത്തുക്കളുമുണ്ട്. പിന്നെന്തുകൊണ്ട് എൻെറ മകൾക്ക് ഒരു മുസ്ലിമിനെ വിവാഹം ചെയ്ത് കൂടാ... പൊലീസിൽ ആരാണ് പരാതിപ്പെട്ടെതന്ന് എനിക്കറിയില്ല.. ' -വധുവിൻെറ മാതാവ് പ്രതികരിച്ചു.
ഇതൊരു പ്രണയ വിവാഹമല്ലെന്നും ഇരുകുടുംബങ്ങളും പരസ്പര സമ്മതത്തോെട നടത്തുന്ന വിവാഹമാണെന്നും വരൻ പ്രതികരിച്ചു. ഒരുപക്ഷേ പെൺകുട്ടിയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നുവെങ്കിൽ അവളെ കൂടെകൂട്ടാൻ താൻ തയാറാകുമായിരുന്നില്ലെന്ന് 24കാരൻ പറഞ്ഞു. സംഭവങ്ങൾ അരങ്ങേറുേമ്പാൾ വധു വീട്ടിൽ ഇല്ലായിരുന്നു.
യു.പിയിൽ മതപരിവർത്തനം ആഗ്രഹിക്കുന്ന വ്യക്തി ഒരു മാസത്തിന് മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി അനുമതി വാങ്ങണം എന്നതാണ് പുതിയ നിയമം. അല്ലാത്തപക്ഷം ആറ് മുതൽ മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കും. നിർബന്ധിത മതപരിവർത്തനം നടന്നുവെന്ന് പരാതി ഉയർന്നാലും പൊലീസ് കേസ് എടുക്കും. അഞ്ച് വർഷത്തെ ജയിൽ ശിക്ഷയും 15000 രൂപ പിഴയും ആണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.