തീരുമാനം നല്ലത്; പക്ഷേ വൈകിപ്പോയി - ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ടതിൽ പ്രതികരിച്ച് അത്‍ലറ്റുകൾ
text_fieldsന്യൂഡൽഹി: പുതുതായി തെരഞ്ഞെടുത്ത ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത കേന്ദ്ര കായികമന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുതിർന്ന അത്‍ലറ്റുകൾ. എന്നാൽ കായിക മന്ത്രാലയം തീരുമാനമെടുക്കാൻ വൈകിപ്പോയെന്നും അവർ പ്രതികരിച്ചു. കായിക താരങ്ങൾ പത്മശ്രീ തിരികെ നൽകുന്നത് വരെ കാത്തിരിക്കേണ്ടിയിരുന്നില്ല തീരുമാനമെടുക്കാൻ. കായിക സംഘടനയുടെ നിയമങ്ങൾ ലംഘിച്ചതിന് ഡബ്ല്യു.എഫ്.ഐക്കെതിരെ കേന്ദ്രം നേരത്തേ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും താരങ്ങൾ വ്യക്തമാക്കി. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിന്റെ കീഴിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡബ്ല്യു.എഫ്.ഐ അണ്ടർ 15, അണ്ടർ 20 മത്സരം നടത്തുമെന്ന് ഗുസ്തി താരങ്ങളെ പോലും അറിയിക്കാതെ തിടുക്കപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു. ഇത് ഡബ്ല്യു.എഫ്.ഐയുടെ ഭരണഘടനയുടെ ലംഘനമാണ്.
ഗുസ്തിതാരങ്ങൾക്ക് നീതി കിട്ടുമെന്ന കാര്യത്തിൽ പ്രതീക്ഷയുണ്ടെന്ന് ഒളിമ്പിക്സ് ജേതാവും ഗുസ്തി താരവുമായ ഗീത ഫോഗട്ട് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ''ഇപ്പോൾ കായിക മന്ത്രാലയം പുതിയ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്തിരിക്കുന്നു. വളരെ വൈകിയാണെങ്കിലും ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുടെ കിരണമാണത്.''ഗീത ഫോഗട്ട് പറഞ്ഞു.
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായെത്തിയ ഇന്ത്യൻ ബോക്സിങ് താരവും ഒളിമ്പിക്സ് മെഡൽ നേതാവുമായ വിജേന്ദർ സിംഗും കേന്ദ്രത്തിന് വളരെ നേരത്തേ തന്നെ ഡബ്ല്യു.എഫ്.ഐക്കെതിരെ നടപടിയെടുക്കാമായിരുന്നുവെന്ന് പ്രതികരിച്ചു.
ഒരു വനിത താരം ഗോദയൊഴിയുന്നത് കാത്തുനിൽക്കേണ്ടി വന്നു അവർക്ക് തീരുമാനമെടുക്കാൻ. നീതിക്കായുള്ള പോരാട്ടത്തിൽ ഒളിമ്പിക്സ് താരം പദ്മശ്രീ തിരികെ കൊടുക്കേണ്ടി വന്നു. തീരുമാനം വളരെ നേരത്തേ എടുക്കേണ്ടിയിരുന്നു. കോൺഗ്രസ് നേതാവു കൂടിയായ വിജേന്ദർസിങ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
മുതിർന്ന ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയയും വിരേന്ദർ സിങ്ങുമാണ് പദ്മശ്രീ തിരിച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ തന്നെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റാകുന്നതോടെ വനിത താരങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിക്കില്ലെന്ന് വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.
കണ്ണീരോടെയാണ് താൻ ഗോദയൊഴിയുന്ന കാര്യം സാക്ഷി മാലിക് പ്രഖ്യാപിച്ചത്. തന്റെ ബൂട്ട് അവർ ഉപേക്ഷിക്കുകയും ചെയ്തു. ഈ വർഷം ജനുവരിയിലാണ് ഗുസ്തി താരങ്ങൾ ബ്രിജ്ഭൂഷണെതിരെ നടപടിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ പ്രതിഷേധം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.