യുദ്ധം ജയിച്ച് സമരനായകൻ; ജന്മനാട്ടിൽ വരവേൽപ്
text_fieldsന്യൂഡൽഹി: ഭരണകൂടത്തെ മുട്ടുകുത്തിച്ച 383 ദിവസത്തെ പോരാട്ടത്തിനൊടുവിൽ സമരനായകൻ രാകേശ് ടികായതും അനുയായികളും ബുധനാഴ്ച ജന്മനാട്ടിലേക്ക് മടങ്ങി. സമീപകാലത്തെങ്ങും രാജ്യം കാണാത്ത വിധം ഐക്യത്തിെൻറ വിളംബരമായ സമരത്തെ മുന്നിൽനിന്ന് നയിച്ച് വിജയം നേടിയാണ് ടികായതിെൻറയും കൂട്ടരുടെയും വീരോചിത മടക്കം. ഡൽഹി അതിർത്തിയിലെ ഗാസിപുരിൽനിന്ന് ഉത്തർപ്രദേശ് മുസഫർനഗർ ജില്ലയിലെ ജന്മസ്ഥലമായ സിസൗലി ഗ്രാമത്തിലേക്കുള്ള യാത്രയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സമരത്തിനൊപ്പംനിന്ന രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
കർഷകസമരം നയിച്ച സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായ ഭാരതീയ കിസാൻ യൂനിയെൻറ ദേശീയ വക്താവായ ടികായതിന് സ്വീകരണമൊരുക്കാൻ നൂറുകണക്കിനാളുകൾ സിസൗലി ഗ്രാമത്തിലെത്തി. വിവാഹാഘോഷത്തിനെന്നപോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് ബി.കെ.യു ഓഫിസ്. ഡൽഹിയിൽനിന്നുള്ള മടക്കയാത്രയിൽ വഴിനീളെ പാട്ടും നൃത്തവുമായി നൂറുകണക്കിനാളുകൾ ടികായതിനും സംഘത്തിനും വരവേൽപ് നൽകി. സമരം എേപ്പാഴാണ് തീരുക എന്ന് ചോദിച്ചപ്പോളെല്ലാം വിവാദ കാർഷിക ബിൽ എപ്പോൾ പിൻവലിക്കുന്നോ അപ്പോൾ മാത്രമേ മടക്കമൂണ്ടാകൂയെന്ന് ഉറച്ച ശബ്ദത്തിൽ ആവർത്തിച്ചിരുന്നു ടികായത്. സിംഘു, ടിക്രി, ഗാസിപുർ എന്നിവിടങ്ങളിൽ കർഷകർ തളരാതെ നടത്തിയ സമരത്തിനൊടുവിലാണ് നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചത്.
പ്രമുഖ കർഷക നേതാവും ബി.കെ.യു സഹസ്ഥാപകനുമായ അന്തരിച്ച മഹേന്ദ്ര സിങ് ടികായതിെൻറ മകനാണ് രാകേശ് ടികായത്. മീററ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.എ ബിരുദം നേടിയ ടികായത് 1992ൽ ഡൽഹി പൊലീസിൽ കോൺസ്റ്റബിളായി ജോലി നേടി. പിന്നീട് സബ് ഇൻസ്പെക്ടറായി.
1993-94ൽ ചെങ്കോട്ടയിൽ കർഷകർ പ്രതിഷേധം നടത്തിയത് ടികായതിെൻറ ജീവിതത്തിൽ നിർണായകമായി. ഇതോടെ ഡൽഹി പൊലീസിൽനിന്ന് പുറത്തുപോയ ടികായത് ഭാരതീയ കിസാൻ യൂനിയൻ അംഗമായി പ്രതിഷേധത്തിൽ പങ്കുചേർന്നു. പിതാവിെൻറ മരണശേഷം രാകേശ് ടികായത് ബി.കെ.യുവിൽ സജീവമായി.
2018ൽ ഉത്തരാഖണ്ഡിലെ ഹരിദ്വാർ മുതൽ ഡൽഹി വരെ നടത്തിയ കിസാൻ ക്രാന്തി യാത്രയുടെ നേതാവായിരുന്നു. 2007ൽ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ബഹുജൻ കിസാൻ ദൾ സ്ഥാനാർഥിയായി മത്സരിച്ചു. 2014ൽ ആർ.എൽ.ഡി ടിക്കറ്റിൽ ലോക്സഭ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.