ഫാഷിസത്തിനെതിരെ ജനാധിപത്യ പ്രതിരോധം: വെൽഫെയർ പാർട്ടി ദേശീയ പ്രക്ഷോഭയാത്ര തുടങ്ങി
text_fieldsന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര സംഘർഷത്തിലേക്ക് തള്ളിവിടുന്ന ഫാഷിസ്റ്റ് ഭരണകൂട നയങ്ങൾക്കെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രക്ഷോഭത്തിന് തുടക്കമായി. ‘ഫാഷിസത്തിനെതിരെ ജനാധിപത്യ പ്രതിരോധം’ എന്ന മുദ്രാവാക്യം മുേന്നാട്ടുവെക്കുന്ന ജാഥയുടെ ഉദ്ഘാടനം രാജസ്ഥാനിലെ കോട്ടയിൽ നടന്ന ചടങ്ങിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി. ഹംസ നിർവഹിച്ചു.
ഒരു മാസം നീളുന്ന യാത്ര വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തി ഏപ്രിൽ 22ന് ഗുജറാത്തിലെ അഹ്മദാബാദിൽ സമാപിക്കും. പതിറ്റാണ്ടുകൾകൊണ്ട് ഇന്ത്യൻ ജനത ഉൗട്ടിയുറപ്പിച്ച സാഹോദര്യവും സാമൂഹിക ബന്ധവും കേവലം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി തകർക്കപ്പെടുകയാണെന്ന് പി.സി. ഹംസ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷമുള്ള യു.പിയിൽ, വർഗീയ പ്രശ്നങ്ങളും വിഷലിപ്തമായ പ്രചാരണങ്ങളും വ്യാപകമാണ്. തെരഞ്ഞെടുപ്പുകൾ ഇനിയും വരും. സർക്കാറുകൾ മാറും. അപ്പോഴും രാജ്യം നിലനിൽക്കണം. അതിനായി സംഘ്പരിവാറിെൻറ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ശക്തമായ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകണം. സമാനമനസ്കരായ സാമൂഹിക, രാഷ്ട്രീയ കക്ഷികൾ കൈകോർക്കണം. അതിന് വെൽഫെയർ പാർട്ടി മുൻകൈയെടുക്കും.
വോട്ടിങ് യന്ത്രത്തിനെതിരെ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ വോട്ടിങ് യന്ത്രം ഉപേക്ഷിച്ച് ബാലറ്റ് പേപ്പർ സംവിധാനത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ തയാറാകണമെന്നും പി.സി. ഹംസ ആവശ്യപ്പെട്ടു. ഉദ്ഘാടന പരിപാടിയിൽ സ്ത്രീകളടക്കം ആയിരങ്ങൾ പെങ്കടുത്തു.
സി.പി.എം ജില്ല സെക്രട്ടറി ധുലി ചനദ് മീണ, കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സഞ്ജയ് മാധവ്, ലഖ്നോവിലെ റിഹായ് മഞ്ച് ജനറൽ സെക്രട്ടറി രാജീവ് യാദവ്, വെൽഫെയർ പാർട്ടി രാജസ്ഥാൻ സംസ്ഥാന പ്രസിഡൻറ് എൻജി. റാഷിദ് ഹുസൈൻ, ഡൽഹി സംസ്ഥാന പ്രസിഡൻറ് സിറാജ് താലിബ്, മിഷൻ വീക്ക്ലി എഡിറ്റർ ഡോ. ടി.എ. റഹ്മാനി, വിനയ് സിങ്, ശശി മീണ, ഖാലിദ് തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.