സനാതന ധർമത്തെ എന്നും എതിർക്കും, നിയമപരമായ പ്രത്യാഘാതം നേരിടും -നിലപാട് ആവർത്തിച്ച് ഉദയനിധി സ്റ്റാലിൻ
text_fieldsചെന്നൈ: സനാതന ധർമം എപ്പോഴും എതിർക്കപ്പെടണമെന്ന നിലപാട് ആവർത്തിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. സനാതന ധർമത്തെ തുടച്ചു നീക്കണമെന്ന മുൻപരാമർശത്തിൽ നടപടിയെടുക്കാത്ത സംസ്ഥാന പൊലീസിനെ മദ്രാസ് ഹൈകോടതി വിമർശിച്ചിരുന്നു.
ഇതേക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പ്രസ്തുത നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും യുവജനക്ഷേമ കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയത്. ‘കൊറോണ, ഡെങ്കി, കൊതുകുകൾ എന്നിവയെ എതിർക്കാനാവില്ല. നമ്മൾ അവയെ ഉന്മൂലനം ചെയ്യണം. അതുപോലെ സനാതന ധർമവും ഉന്മൂലനം ചെയ്യണം’ -എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ നേരത്തെ പറഞ്ഞത്.
“ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നാലും പറഞ്ഞത് ശരിയാണ്. പ്രസ്താവന തിരുത്തില്ല. ഞാൻ എന്റെ പ്രത്യയശാസ്ത്രമാണ് പറഞ്ഞത്. അംബേദ്കറോ പെരിയാറോ തിരുമാവളവനോ പറഞ്ഞതിൽ കൂടുതൽ ഒന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ഇപ്പോൾ എം.എൽ.എയോ മന്ത്രിയോ യൂത്ത് വിങ് സെക്രട്ടറിയോ ഒക്കെ ആയിരിക്കാം. നാളെ ചിലപ്പോൾ ഇതൊന്നും അല്ലായിരിക്കാം. എന്നാൽ, എപ്പോഴും ഒരു മനുഷ്യനായിരിക്കുക എന്നത് ഏറെ പ്രധാനമാണ്’ -അദ്ദേഹം പറഞ്ഞു.
‘നമ്മൾ കുറേ വർഷങ്ങളായി സംസാരിക്കുന്ന വിഷയമാണ് സനാതനം. നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) സമീപകാല പ്രശ്നമാണ്. എന്നാൽ, സനാതന ധർമ പ്രശ്നം നൂറുകണക്കിന് വർഷം പഴക്കമുള്ളതാണ്. ഞങ്ങൾ അതിനെ എക്കാലവും എതിർക്കും’ -ഉദയനിധി പറഞ്ഞു.
എന്നാൽ, ഭിന്നിപ്പിക്കുന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനോ ഏതെങ്കിലും പ്രത്യയശാസ്ത്രം ഇല്ലാതാക്കാനോ ഒരു വ്യക്തിക്കും അവകാശമില്ലെന്ന് കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.