സായിബാബയെ കുറ്റമുക്തനാക്കിയ വിധി യുക്തിസഹം, വീണ്ടും ജയിലിലടക്കാൻ കാണിക്കുന്ന ധിറുതി അസാധാരണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ. സായിബാബയെ യു.എ.പി.എ കേസിൽ കുറ്റമുക്തനാക്കി ബോംബെ ഹൈകോടതി രണ്ടാമതും പുറപ്പെടുവിച്ച വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന മഹാരാഷ്ട്ര സർക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കോടതി രണ്ടുതവണ പുറപ്പെടുവിച്ച വിധികളിലൂടെ നിരപരാധിത്വം തെളിഞ്ഞ മനുഷ്യനെ വീണ്ടും ജയിലിലടക്കാൻ കാണിക്കുന്ന ധിറുതി അസാധാരണമാണെന്ന് വിശേഷിപ്പിച്ചാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി.
സായിബാബയെ കുറ്റമുക്തനാക്കിയ ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രഥമ ദൃഷ്ട്യാ ആ വിധി യുക്തിസഹമാണെന്നാണ് തങ്ങൾ മനസ്സിലാക്കുന്നത്. കേട്ടുകേൾവിയില്ലാത്ത നീക്കമാണ് മഹാരാഷ്ട്ര സർക്കാറിന്റേതെന്ന്, അവർക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനെ ബെഞ്ച് ഉണർത്തി.
ശിക്ഷിച്ചാൽ ആ ശിക്ഷ റദ്ദാക്കാനാണ് അടിയന്തരമായി കോടതിയിലെത്തേണ്ടതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ആദ്യ വിധി നേരത്തേ റദ്ദാക്കി തിരിച്ചയച്ചത് സൂചിപ്പിച്ച് നേരത്തേ സുപ്രീംകോടതി ഇടപെട്ടതാണെന്നും പുതിയ വിധിയിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു.
കുറ്റക്കാരനെന്ന് തെളിയിക്കുന്നതുവരെ ഒരു വ്യക്തി നിരപരാധിയാണ്. സായിബാബയെ കുറ്റമുക്തനാക്കിയ വിധി അദ്ദേഹം നിരപരാധിയാണെന്ന തോന്നലുണ്ടാക്കിയിട്ടുമുണ്ട്. ബോംബെ ഹൈകോടതിയുടെ രണ്ട് വ്യത്യസ്ത ബെഞ്ചുകൾ സായിബാബയെ കുറ്റമുക്തനാക്കി വെറുതെവിട്ട വിധികളുണ്ട്.
2022ന് ഒക്ടോബർ 14ന് സായിബാബയെ കുറ്റമുക്തനാക്കി ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് ഈ വിധി തിരക്കിട്ട് റദ്ദാക്കിയാണ് വീണ്ടും അദ്ദേഹത്തെ ജയിലിലടച്ചത്. കേസ് രണ്ടാമതും കേട്ട് വീണ്ടും വിധി പറയാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ വിധി ബോംബെ ഹൈകോടതി പുറപ്പെടുവിച്ചത്. ആ വിധി സ്റ്റേ ചെയ്യണമെന്നാണ് മഹാരാഷ്ട്ര സർക്കാർ ഹരജിയിൽ ബോധിപ്പിച്ചത്. എന്നാൽ, കുറ്റമുക്തനാക്കിയതിനെതിരെ അപ്പീൽ അനുവദിച്ച ബെഞ്ച് എന്ന് കേസ് പരിഗണിക്കുമെന്ന് വ്യക്തമാക്കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.