ഞങ്ങൾ തീവ്രവാദികളല്ല, കങ്കണയുടെ കോലം കത്തിച്ച് കർഷക പ്രതിഷേധം; സിനിമകൾ ബഹിഷ്‌കരിക്കാനും ആഹ്വാനം
text_fieldsകർഷക വിരുദ്ധ പരാമർശങ്ങൾ നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പ്രതിഷേധവുമായി വനിതകൾ. മഹാരാഷ്ട്രയിലെ കർഷക വിധവകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരം ചെയ്യുന്നത് കർഷകരല്ലെന്നും തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്. വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിൽ നടിയുടെ കോലം കത്തിച്ചു. തന്‍റെ പരാമർശങ്ങളിൽ കങ്കണ നിരുപാധികം മാപ്പ് പറയണമെന്നും വനിതകൾ ആവശ്യപ്പെട്ടു.
കങ്കണയുടെ എല്ലാ സിനിമകളും ബഹിഷ്‌കരിക്കാനും പ്രതിഷേധക്കാർ ആഹ്വാനംചെയ്തു. സാമൂഹ്യ പ്രവർത്തക സ്മിത തിവാരിയും കർഷകരുടെ വിധവകളായ ഭാരതി പവാർ, പൂർണിമ കോപ്പുൽവാർ, കവിത സിദം, ലക്ഷ്മി ഗാന്ധ്വർ, രാമ താംകെ, വന്ദന മോഹർലെ, രേഖ ഗുർണാലെ, അപർണ മാലിക്കർ, യോഗിത ചൗധരി എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. 'കർഷകരുടെ വിധവകളോടും അനാഥരോടും സഹതാപം കാണിക്കുന്നതിനുപകരം കങ്കണയെപ്പോലുള്ള ദേശസ്‌നേഹമില്ലാത്തവർ അവരുടെ ത്യാഗങ്ങളെ കളിയാക്കുകയാണെന്ന്' കടക്കെണിയിലായി ഭർത്താവ് ആത്മഹത്യ ചെയ്ത സീദം പറഞ്ഞു.
കങ്കണയെ 'ബിജെപിയുടെ ഔദ്യോഗിക വക്താവ്' എന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്. കർഷകരെ തീവ്രവാദികളുമായി താരതമ്യപ്പെടുത്തുന്ന ട്വീറ്റുകളെ സമരക്കാർ രൂക്ഷമായി വിമർശിച്ചു. ഫെബ്രുവരി ഏഴിലെ വഴിതടയൽ പരിപാടിക്കായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണെന്നും കർഷകരെ പിന്തുണച്ച് അന്ന് റോഡ് യാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.