ബി.ജെ.പി എം.എൽ.എയുടെ മരണം: ഒരാൾ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി എം.എൽ.എ ദേബേന്ദ്ര നാഥ് റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. നിലോയ് സിങ് എന്നയാളെയാണ് കേസ് അന്വേഷിക്കുന്ന സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വടക്കൻ ദിനാജ്പുർ ജില്ലയിൽ ഹേംതാബാദിലെ വീടിന് സമീപത്ത് ദേബേന്ദ്ര നാഥ് റോയിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ പൊലീസ് ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. ഇതിൽ തന്‍റെ മരണത്തിന് കാരണക്കാരായവരുടെ പേര് ദേബേന്ദ്ര സൂചിപ്പിച്ചിരുന്നതായും അന്വേഷണസംഘം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം ദേബേന്ദ്രനാഥ് റോയിയെ കൊലപ്പെടുത്തിയതാണെന്നും പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇവർ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. കൊലപാതകമാണെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ് മോർട്ട് റിപോർട്ടിൽ ദേബേന്ദ്രനാഥ് റോയിയുടെ മരണം ആത്മഹത്യയെന്ന് വ്യക്തമായിരുന്നു. ശരീരഭാഗങ്ങളിൽ മുറിവോ ചതവോ മറ്റ് പരിക്കുകളോ ഇല്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ദേബേന്ദ്രയുടെ മരണത്തെതുടർന്ന് നോർത്ത് ബംഗാളിൽ 12 മണിക്കൂർ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഹേംതാബാദ് സംവരണ മണ്ഡലത്തിൽനിന്ന് സി.പി.എം ടിക്കറ്റിൽ നിയമസഭയിലെത്തിയ അദ്ദേഹം ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിൽ ചേരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.