അഞ്ചാം ഘട്ടം: പശ്ചിമ ബംഗാളിൽ ഏഴ് മണ്ഡലങ്ങൾ; 57 ശതമാനത്തിലേറെ ബൂത്തുകൾ പ്രശ്നബാധിതം
text_fieldsകൊൽകത്ത: അഞ്ചാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളിൽ ജനവിധി തേടുന്നത് മന്ത്രിമാർ മുതൽ സിനിമതാരങ്ങൾ വരെ. 57 ശതമാനത്തിലേറെ ബൂത്തുകൾ പ്രശ്ന ബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സുരക്ഷക്കായി 29,000 പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ 60,000 കേന്ദ്ര സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
ഹൂഗ്ലി നദിയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഹൗറ, ഹൂഗ്ലി, സെറാംപൂർ, ബരാക്‌പൂർ മണ്ഡലങ്ങൾ തിങ്കളാഴ്ച വിധിയെഴുതും. അടഞ്ഞുകിടക്കുന്ന വ്യവസായ സ്ഥാപനങ്ങളും ചണ മില്ലുകളുടെ മോശം സ്ഥിതിയും തൊഴിലില്ലായ്മയുമാണ് ഇവിടത്തെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ.
ബംഗ്ലാദേശ് അതിർത്തിയിലുള്ള ബംഗോൺ മണ്ഡലത്തിൽ പൗരത്വ ഭേദഗതി നിയമമായിരുന്നു (സി.എ.എ) ചൂടേറിയ പ്രചാരണ വിഷയം. ഇവിടെ ജയപരാജയം തീരുമാനിക്കുക ബംഗ്ലാദേശിൽ നിന്ന് കുടിയേറിപ്പാർക്കുന്ന മാതുവ സമുദായത്തിന്റെ നിലപാടായിരിക്കും. കേന്ദ്ര സഹമന്ത്രി ശാന്തനു താക്കൂറാണ് ബി.ജെ.പി സ്ഥാനാർഥി. തൃണമൂലിന്റെ ബിശ്വജിത് ദാസാണ് എതിരാളി. 2021ൽ ബി.ജെ.പി ടിക്കറ്റിൽ ബഗ്ദ മണ്ഡലത്തിൽനിന്ന് വിജയിച്ച ദാസ് പിന്നീട് തൃണമൂലിൽ ചേരുകയായിരുന്നു.
അഞ്ചുവർഷത്തിനിടെ നാലുതവണ പാർട്ടി മാറി ഒടുവിൽ തൃണമൂലിൽനിന്ന് ബി.ജെ.പിയിലെത്തിയ അർജുൻ സിങ്ങാണ് ബാരാക്പൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി. പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ പാർഥ ഭൗമികാണ് എതിർ സ്ഥാനാർഥി.
ഹൂഗ്ലിയിൽ സിനിമ താരങ്ങളുടെ പോരാണ്. ബി.ജെ.പി സ്ഥാനാർഥിയും നടനുമായ ലോക്കറ്റ് ചാറ്റർജിയുടെ രണ്ടാംജയം തടയാൻ നടി രചന ബാനർജിയെയാണ് തൃണമൂൽ രംഗത്തിറക്കിരിക്കുന്നത്. സൊറാംപൂരിൽ ബി.ജെ.പിയുടെ കബീർ ശങ്കർ ബോസും സി.പി.എം വിദ്യാർഥി നേതാവ് ദീപ്സിതാ ധറും തൃണമൂൽ കോൺഗ്രസിെൻറ സിറ്റിങ് എം.പി കല്യാൺ ബാനർജിയും തമ്മിലുള്ള ത്രികോണ മൽസരമാണ് നടക്കുന്നത്.
ഹൗറയിൽ തൃണമൂലിൽ നിന്ന് ബി.ജെ.പിയിലെത്തിയ രതിൻ ചക്രവർത്തിയും സിറ്റിങ് എം.പി പ്രസൂൺ ബാനർജിയും തമ്മിലാണ് പോര്. അഡ്വ. സബ്യസാചി ചാറ്റർജിയാണിവിടത്തെ സി.പി.എം സ്ഥാനാർഥി. ഉലുബേരിയ, ആരാംബാഗ് എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങൾ.
13,481 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. 1,25,23,702 വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.