ബംഗാളിൽ പശു മോഷണം ആരോപിച്ച് രണ്ടുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാർ ജില്ലയിൽ പശു മോഷണം ആരോപിച്ച് രണ്ട് യുവാക്കളെ ആൾക്കൂട്ടം തല്ലി ക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച മാതബംഗ പ്രദേ ശത്താണ് റബീഉൽ ഇസ്ലാം, പ്രകാശ് ദാസ് എന്നിവർ ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്.
പിക് അപ് വാനിൽ രണ്ട് പശുക്കളുമായി പോകുകയായിരുന്ന ഇവരെ പ്രദേശവാസികൾ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുനിന്ന് ഇരുവരും മോഷ്ടിച്ച പശുക്കളാണ് ഇവയെന്നും കാലിക്കടത്തുകാർക്ക് കൈമാറാൻ കൊണ്ടുപോകുകയാണെന്നും ആരോപിച്ചായിരുന്നു ഇത്. പശുക്കളെ വാനിൽ നിന്നും ഇറക്കിയ ആൾക്കൂട്ടം ഇരുവരെയും കല്ലും കമ്പിയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
വാൻ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ പൊലീസെത്തി കൂച്ച്ബിഹാർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പശുക്കൾ ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ആൾക്കൂട്ട ആക്രമണ കേസിൽ പ്രതികളാകുന്നവർക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന ബിൽ ഈ വർഷം ബംഗാൾ നിയമസഭ പാസാക്കിയിരുന്നു. ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ ഇത് നിയമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.